മണിപ്പൂരിൽ സംഘർഷം രൂക്ഷം; പോലീസ് ഔട്ട് പോസ്റ്റിനും എഴുപത്തഞ്ചോളം വീടുകൾക്ക് തീയിട്ടു

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
മണിപ്പൂരിൽ സംഘർഷം രൂക്ഷം; പോലീസ് ഔട്ട് പോസ്റ്റിനും എഴുപത്തഞ്ചോളം വീടുകൾക്ക് തീയിട്ടു


ഡൽഹി: മണിപ്പൂരിൽ ജിരിബാം മേഖലയിൽ വീണ്ടും സംഘർഷം. ശനിയാഴ്ച രാത്രി രണ്ട് പോലീസ് ഔട്ട് പോസ്റ്റിനും 75 ഓളം വീടുകൾക്കും അക്രമികൾ തീയിട്ടു. സാഹചര്യം നിയന്ത്രിക്കാനായി കൂടുതൽ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. ഇംഫാലിൽ നിന്നും ഉദ്യോഗസ്ഥരെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ ഇവിടെ നിന്ന് 239 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാൽ, ബെഗ്ര ഗ്രാമങ്ങളിലെ വീടുകൾക്കാണ് അക്രമികൾ തീയിട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജിരിബാം പോലീസ് സൂപ്രണ്ട് ഘനശ്യാം ശർമയെ അടിയന്തരമായി സ്ഥലംമാറ്റി. ജിരി മുഖ്, ചോട്ടോ ബെക്ര എന്നീ പോലീസ് ഔട്ട്‌പോസ്റ്റുകളും ഗോഖൽ ഫോറസ്റ്റ് ബീറ്റ് ഓഫീസും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. ഇതേതുടർന്ന് മണിക്കൂറുകൾക്കകമാണ് ഘനശ്യാമിനെ സ്ഥലം മാറ്റിയത്. എ പ്രദീപ് സിങ്ങാണ് പുതിയ എസ് പി.

പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്ന് മണിപ്പൂരിലെ ഇന്നർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് എംപി അംഗോംച ബിമോൾ അക്കോയിജം ആവശ്യപ്പെട്ടു.'ജില്ലാ അധികൃതരുമായി ഞാൻ സംസാരിച്ചിരുന്നു. ടൗണുകളിൽ ഉള്ളവർക്ക് സംരക്ഷണം ലഭിക്കുന്നുന്നുണ്ട്. എന്നാൽ പ്രാന്തപ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതരല്ല, അവർക്ക് സംരക്ഷണം ലഭിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

തീവ്ര മെയ്തെയ് സായുധ സംഘടനയായ ആരംഭായ് തെംഗോലിന്റെ പ്രവർത്തകനായ എസ് ശരത് കുമാർ (59) വ്യാഴാഴ്ച കൊല്ലപ്പെട്ടതിനെ തുടർന്നാണ് മെയ്തെയ് സായുധ സംഘങ്ങൾ അക്രമാസക്തരായത്. കൃഷിയിടത്തിലേക്ക് പോയ ശരതിനെ കാണാതാവുകയായിരുന്നു. പിന്നീട് ഇയാളുടെ മൃതദേഹം കൃഷിയിടത്തിൽ നിന്നും കണ്ടെത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. തുടർന്ന് അക്രമികൾ പ്രദേശത്തെ വീടുകൾക്ക് തീയിടുകയായിരുന്നു. പ്രദേശത്ത് അനിശ്ചിതകാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുത്ത ലൈസൻസുള്ള തോക്കുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജിരിബാം പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

മെയ്തികൾ, മുസ്‌ലിംകൾ, നാഗങ്ങൾ, കുക്കികൾ എന്നിവർ കഴിയുന്ന പ്രദേശമാണ് ജിരിബാം.ഇംഫാൽ താഴ്‌വരയി‍ൽ കഴിഞ്ഞ വർഷമുണ്ടായ വംശീയകലാപം കാര്യമായി ഇവിടെ ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സംഘർഷം വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.