പയ്യന്നൂർ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലം മാറ്റം; കടുംകൈയ്ക്ക് പൊലീസുകാരനെ പ്രേരിപ്പിച്ചത് സ്ഥലമാറ്റ വിഷയമെന്ന് മനസ്സിലാക്കി നടപടി
പയ്യന്നൂർ: പയ്യന്നൂർ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച സ്റ്റേഷനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച എം വി സാജുവിനാണ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം നൽകി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ് ഉടൻ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന നിർദേശത്തോടെ ഉത്തരവ് പുറത്തിറങ്ങിയത്.

അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് സാജു ഉൾപ്പെടെ അഞ്ചുപൊലീസുകാരെ സ്ഥലംമാറ്റിയത്. മറ്റുള്ളവർക്ക് സ്വന്തം ജില്ലയിലേക്ക് തിരികെ സ്ഥലം മാറ്റം നൽകിയെങ്കിലും സാജുവിനു മാത്രം അനുകൂല തീരുമാനമുണ്ടായില്ല. ഇത് കടുത്ത നിരാശക്ക് കാരണമായി. ഇതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

ആത്മഹത്യക്ക് ശ്രമിക്കവേ മേശ വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പൊലീസുകാർ എത്തിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. ഇതിനു പിന്നാലെയാണ് സ്വന്തം ജില്ലയിലേക്ക് മാറ്റം നൽകാൻ തീരുമാനമായത്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിൽ റിപ്പോർട്ടു ചെയ്യാനാണ് നിർദ്ദേശം.