ജനസംഖ്യ കുത്തനെ ഇടിയുന്നു;പങ്കാളിയെ തേടാന്‍ സൗജന്യ ഡേറ്റിങ് ആപ്പ് പുറത്തിറക്കി ജാപ്പനീസ് സര്‍ക്കാര്‍


ജനസംഖ്യ കുത്തനെ ഇടിയുന്നു;പങ്കാളിയെ തേടാന്‍ സൗജന്യ ഡേറ്റിങ് ആപ്പ് പുറത്തിറക്കി ജാപ്പനീസ് സര്‍ക്കാര്‍

  
ജപ്പാനിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണ്.ജനസംഖ്യയുടെ 40 ശതമാനവും വയോധികരാണ്.ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പതിനെട്ട് അടവും പുറത്തെടുക്കുകയാണ് ജാപ്പനീസ് ഭരണകൂടം. ഇപ്പോള്‍ യുവതീ യുവാക്കള്‍ക്ക് തങ്ങളുടെ പങ്കാളികളെ കണ്ടെത്തുന്നതിനായി സൗജന്യ ഡേറ്റിങ് ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്യേവിലെ മെട്രോപൊളിറ്റന്‍ ഭരണകൂടം. 'ടോക്യോ ഫുറ്റാരി സ്റ്റോറി' എന്നാണ് ആപ്പിനു പേരുനല്‍കിയിരിക്കുന്നത്. 'ടോക്യോ പങ്കാളി കഥ' എന്നും വേണമെങ്കില്‍ പറയാം. ഈ മാസം തന്നെ ആപ്പ് അവതരിപ്പിക്കുമെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 


ആപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കൃത്യമായ രജിസ്ട്രേഷന്‍ നടപടിക്രമങ്ങളുണ്ടാകും. നിയമപരമായി പങ്കാളികളില്ലെന്നും ഒറ്റയ്ക്കാണു ജീവിക്കുന്നതെന്നും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടുനല്‍കുകയും വേണം.ഇതോടൊപ്പം വാര്‍ഷിക വരുമാനം തെളിയിക്കാനായി നികുതി സര്‍ട്ടിഫിക്കറ്റും അപ്ലോഡ്് ചെയ്യണം. ഉയരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെയുള്ള വ്യക്തിവിവരങ്ങള്‍ ചേര്‍ക്കണം. ഇതിനുശേഷം ഒരു ഇന്റര്‍വ്യൂ ഘട്ടവും കടന്നാകും സൗജന്യ രജിസ്ട്രേഷന്‍ ലഭിക്കുക.

ഡേറ്റിങ് ആപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രം 200 മില്യന്‍ യെന്‍(ഏകദേശം 10.68 കോടി രൂപ) പുതിയ സാമ്പത്തിക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് ടോക്യോ മെട്രോപൊളിറ്റന്‍ ഭരണകൂടം. വിവാഹം ആഗ്രഹിച്ചിട്ടും പങ്കാളികളെ കണ്ടെത്താനാകാതെ വിഷമിക്കുന്നവര്‍ക്ക് ഒരു സഹായമാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു സര്‍ക്കാര്‍ വൃത്തം പ്രതികരിച്ചു.

സാധാരണ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പങ്കാളിത്തത്തിലുള്ള പുതിയ സംരംഭം പേടിയില്ലാതെ ഉപയോഗിക്കാനാകും. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു മുതിരാത്ത 70 ശതമാനത്തോളം പേര്‍ക്ക് ആപ്പ് അനുഗ്രഹമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തം അഭിപ്രായപ്പെട്ടു. 


ജനനനിരക്ക് കൂട്ടാനായില്ലെങ്കില്‍ വലിയൊരു ദുരന്തത്തിലേക്കായിരിക്കും ജപ്പാന്‍ പതിക്കുകയെന്നാണ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് അടുത്തിടെ വെളിപ്പെടുത്തിയത്. ജനനനിരക്കിലെ ഇടിവ് അപകടകരമായ സ്ഥിതിയിലാണുള്ളത്. അടുത്തൊരു ആറു വര്‍ഷത്തിനിടയില്‍ ഈ ട്രെന്‍ഡ് തടയാനായില്ലെങ്കില്‍ വലിയ ദുരന്തമാകും. 2030നുള്ളില്‍ യുവാക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ രാജ്യത്ത് അവിവാഹിതരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ടോക്യോ ആണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ജപ്പാനില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഏറ്റവും കൂടുതല്‍ അവിവാഹിതരുള്ളത് ടോക്യോയിലാണ്. പുരുഷന്മാരില്‍ 32 ശതമാനവും സ്ത്രീകളില്‍ 24 ശതമാനവും വരുമിത്