എസ്എഫ്ഐ അംഗത്വ വിതരണത്തിന് സ്കൂളില്‍ വേദി, ഒത്താശ ചെയ്ത് അധ്യാപകൻ; വിവാദമായതോടെ പരിപാടി മാറ്റി

എസ്എഫ്ഐ അംഗത്വ വിതരണത്തിന് സ്കൂളില്‍ വേദി, ഒത്താശ ചെയ്ത് അധ്യാപകൻ; വിവാദമായതോടെ പരിപാടി മാറ്റി


പത്തനംതിട്ട: എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കി. പത്തനംതിട്ട വയ്യാറ്റുപുഴ വികെഎന്‍എം സ്കൂളിലാണ് എസ്എഫ്ഐ അംഗത്വ വിതരണ പരിപാടി നടത്താൻ തീരുമാനിച്ചത്. എന്നാല്‍, സംഭവം വിവാദമാകുകയും എതിര്‍പ്പുയരുകയും ചെയ്തതോടെ സ്കൂളില്‍ നടക്കാനിരുന്ന പരിപാടി മാറ്റി. ഇന്നലെയാണ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിന് സ്കൂളില്‍ ക്രമീകരണം ഒരുക്കിയത്.

ഇതിനായി സ്കൂളിലെ അധ്യാപകരില്‍ ഒരാള്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എസ്എഫ്ഐയുടെ കൊടികള്‍ കെട്ടുകയും കസേരകള്‍ നിരത്തുകയും ചെയ്തിരുന്നു. മുറ്റത്ത് കൊടിമരം നാട്ടി പതാക ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, സ്കൂളിലെ അധ്യാപകര്‍ കൊടികള്‍ പിന്നീട് അഴിച്ചുമാറ്റുകയായിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് എസ്എഫ്ഐ രംഗത്തെത്തി.

വയ്യാറ്റുപുഴയില്‍ പരിപാടി ക്രമീകരിച്ചതായി അറിയില്ലെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. പത്തനംതിട്ട നഗര കേന്ദ്രത്തിലണ് ജില്ലാ തല പരിപാടി തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.