സിക്കിമിൽ ക്രാന്തികാരി മോർച്ച വിജയത്തിലേക്ക്, അരുണാചലിൽ അധികാരം നിലനിർത്താൻ ബിജെപി: വേട്ടെണ്ണല്‍ പുരോഗമിക്കുന്നു

സിക്കിമിൽ ക്രാന്തികാരി മോർച്ച വിജയത്തിലേക്ക്, അരുണാചലിൽ അധികാരം നിലനിർത്താൻ ബിജെപി: വേട്ടെണ്ണല്‍ പുരോഗമിക്കുന്നു


നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വേട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോൾ അരുണാചലില്‍ ബിജെപിയാണ് മുന്നില്‍. അതേസമയം സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച തുടര്‍ഭരണത്തിലേക്കെന്ന സൂചനയാണ് പുറത്ത് വരുന്നത്.

സിക്കിമിൽ ക്രാന്തികാരി മോർച്ച (എസ്‌കെഎം) വിജയത്തിലേക്ക് നീങ്ങുമ്പോൾ അരുണാചൽ പ്രദേശിൽ 33 സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്ത് അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് ബിജെപി. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെ കാവി പാർട്ടിയുടെ 10 സ്ഥാനാർത്ഥികൾ ഇതിനകം അരുണാചൽ പ്രദേശിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

അരുണാചൽ പ്രദേശ് നിയമസഭയിൽ 60 സീറ്റുകളാണുള്ളത്, ഭൂരിപക്ഷം 31 ആണ്. 10 സീറ്റുകളിലെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ പീപ്പിൾസ് പാർട്ടി (NPEP) ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) മൂന്ന് സീറ്റുകളിൽ മുന്നിലാണ്. ലീഡ് ചെയ്യുന്നവരിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഉൾപ്പെടുന്നു. കലക്താങ്, കൊളോറിയംഗ്, ലികാബാലി, നാച്ചോ, ലുംല, ബസാർ, അലോങ്, അലോങ് എന്നീ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു.

ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം എസ്‌കെഎം ഒരു സീറ്റിൽ വിജയിക്കുകയും മറ്റ് 29 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്തു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് റെനോക്ക്, സോറെങ് ചകുങ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് നാംചെയ്ബംഗ് സീറ്റിൽ പിന്നിലാണ്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും എസ്ഡിഎഫ് സ്ഥാനാർത്ഥിയുമായ ബൈച്ചുങ് ബൂട്ടിയ ബർഫുങ്ങിൽ നിന്ന് പിന്നിലാണ്. ബൂട്ടിയയുടെ എതിരാളി റിക്സൽ ദോർജി ബൂട്ടിയ 4,346 വോട്ടുകൾക്ക് മുന്നിലാണ്.

ദ്ജോംഗു (30) മണ്ഡലത്തിൽ നിന്ന് എസ്‌കെഎം സ്ഥാനാർത്ഥി പിൻസോ നംഗ്യാൽ ലെപ്ച 5,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്നെ പിന്തുണക്കുകയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയും ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നതായി പിൻസോ നംഗ്യാൽ ലെപ്ച പറഞ്ഞു. അതേസമയം പ്രതിപക്ഷ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ടെൻസിങ് നോർബു ലാംത ഷയാരി (30) മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.