വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയിൽ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്ക് നിയമനം; ചൈനീസ് സംഘത്തിൻറെ പ്രവർത്തനം വ്യാപകം

വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയിൽ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്ക് നിയമനം; ചൈനീസ് സംഘത്തിൻറെ പ്രവർത്തനം വ്യാപകം

 


 

കൊച്ചി: മലയാളികളെ വിദേശത്തേക്ക് കടത്തി സൈബർ തട്ടിപ്പിൻറെ കണ്ണികളാക്കുന്ന ചൈനീസ് സംഘത്തിൻറെ പ്രവർത്തനം വ്യാപകം. സൈബർ തട്ടിപ്പിൻറെ കേന്ദ്രങ്ങളായ വിദേശത്തെ കാൾ സെൻററുകളുടെ ദൃശ്യങ്ങൾ കിട്ടി. ടാർഗറ്റ് തികച്ചില്ലെങ്കിൽ അതിക്രൂരമായ മർദ്ദനത്തിനിരയാകുമെന്ന് ഇരയായ പുല്ലുവിള സ്വദേശി പറഞ്ഞു.

വിദേശത്തെ കോൾ സെൻററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്. കൊല്ലത്തെ ഏജൻറ് മൂന്ന് ലക്ഷം വാങ്ങിയാണ് ജോലി ഓഫർ ചെയ്തത്. ആദ്യം മുംബെയിലേക്ക്. പിന്നെ വിയറ്റ്നാമിലേക്ക്. അവിടെ നിന്ന് കമ്പോഡിയ. ജയിലിന് സമാനമായ കെട്ടിടത്തിലായിരുന്നു ജോലി. വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയിൽ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്കാണ് നിയമനമെന്ന് അറിഞ്ഞത് പിന്നീടാണ്. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള കോൾ സെൻററുകളുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഓരോ ദിവസവും സൈബർ വലയിൽ കുരുക്കാനുള്ള ആളുകളുടെ എണ്ണം നിശ്ചയിച്ച് നൽകും. അത് പാലിച്ചില്ലെങ്കിൽ ക്രൂരമായ മർദ്ദനമാണെന്ന് രജിൻ പറയുന്നു. രജിനെ പോലെ ക്രൂര പീഡനത്തിനിരയായവർ നിരവധിയാണ്. ചിലരുടെ ഫോട്ടോകളും ലഭിച്ചു. പലരും കോൾ സെൻററിൽ അടിമകളെ പോലെ കഴിയുകയാണ്. കോൾ സെൻററിൽ നിന്ന് സംഘത്തിൻറെ കണ്ണ് വെട്ടിച്ച് കമ്പോഡിയയിലെ എംബസിയിൽ എത്തി ഭാഗ്യം കൊണ്ടാണ് രജിൻ രക്ഷപ്പെട്ടത്.

മ്യാൻമാറിലും കമ്പോഡിയയിലും ലാവോസിലുമെല്ലാം ഇത്തരം നിരവധി കോൾ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്.
സൗഹൃദം സ്ഥാപിച്ച് വിഡോയോ കോൾ വിളിക്കുക, നഗ്നദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ആളെ പറ്റിച്ച് പണം തട്ടുക, കൈമാറിയ കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയെന്ന പേരിൽ സിബിഐയോ കസ്റ്റംസ് ചമഞ്ഞ് ഫോൺ വിളിക്കുക… അങ്ങനെ തട്ടിപ്പിന് പല രീതികളുമുണ്ട്. കേരളത്തിൽ തട്ടിപ്പ് നടത്താൻ മലയാളികൾ, തമിഴ്നാടുകാരെ കുടുക്കാൻ തമിഴന്മാർ , അങ്ങനെ ഓരോ നാട്ടുകാരെയും കോൾ സെൻററിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ചൈനീസ് സംഘത്തിൻറെ പിടിയിൽ നിന്ന് രക്ഷപ്പെട്ട എംബസികളിൽ അഭയം തേടിയ രജിനെ പോലെ ചിലർ നാട്ടിലെത്തിയിട്ടുണ്ട്. ഇവരിൽ നിന്നുള്ള വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് കേന്ദ്ര- സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്നത്.