മദ്യപിക്കാത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ''ഊതിക്കല്‍ യന്ത്രം'' മദ്യപരാക്കി! സ്‌റ്റേഷന്‍ മാസ്റ്ററേയും സ്വീപ്പര്‍ ജോലിക്കാരിയും പരിശോധകരായ ഉദ്യോഗസ്ഥരും വരെ വിട്ടില്ല

മദ്യപിക്കാത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ''ഊതിക്കല്‍ യന്ത്രം'' മദ്യപരാക്കി! സ്‌റ്റേഷന്‍ മാസ്റ്ററേയും സ്വീപ്പര്‍ ജോലിക്കാരിയും പരിശോധകരായ ഉദ്യോഗസ്ഥരും വരെ വിട്ടില്ല


കോതമംഗലം : മദ്യപിക്കാത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെയും ''ഊതിക്കല്‍ യന്ത്രം'' മദ്യപരാക്കി! ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി. കോതമംഗലം ഡിപ്പോയിലാണു സംഭവം.

സര്‍വീസിനു പോകാന്‍ തയാറായിനിന്ന ഒരു കണ്ടക്ടറെ ബ്രെത്തലൈസറില്‍ ഊതിച്ച് പരിശോധിച്ചപ്പോള്‍ ബീപ് ശബ്ദം മുഴങ്ങി. ശ്വാസത്തില്‍ മദ്യാംശം 39 ശതമാനമെന്നു കാണിച്ചു. മദ്യപിക്കാത്ത കണ്ടക്ടര്‍ ഇത് ചോദ്യം ചെയ്തതോടെ പരിശോധകരായ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.

വാക്കേറ്റം രൂക്ഷമായതോടെ യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍തന്നെ ഊതി! ഫലം 40%! തുടര്‍ന്ന് സ്വീപ്പര്‍ ജോലിക്കാരിയെക്കൊണ്ട് ഊതിച്ചപ്പോള്‍ 48%, ഊതിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ ഊതിയപ്പോള്‍ 45%. ഇവരാരും മദ്യപിച്ചിരുന്നില്ല.

യന്ത്രം ചതിച്ചെന്നു ബോധ്യപ്പെട്ടതോടെ ഊതിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ഊശിയായി മടങ്ങി! യന്ത്രത്തകരാറാണു കാരണമെന്നാണു സൂചന. ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ ഡിപ്പോ അധികൃതര്‍ തയാറായില്ല.