രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കുന്നു; പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കുന്നു; പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി
ന്യൂദൽഹി: വയനാട്, റായ് ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ധാരണയായി. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. ദേശീയ രാഷ്‌ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ റായ്ബറേലി സീറ്റ് നില നിർത്താനാണ് ഉദ്ദേശം.

രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ പാർലമെൻറ് ചേരുന്ന 17 മുൻപ് തീരുമാനം വരുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തക സമിതി പ്രമേയം പാസാക്കി. നിലവിൽ എല്ലാ സംസ്ഥാന പിസിസികളും ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗവും ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് മുതിർന്ന നേതാവ് കെ.സി. വേണു ഗോപാൽ വ്യക്തമാക്കി.

സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ശനിയാഴ്ച വൈകിട്ട് നടക്കുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്‍റ് പാർട്ടി നേതാവായി തെരഞ്ഞെടുക്കും. പിന്നീട് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.