മണിപ്പൂർ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രത്യാശിക്കാം'; ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

മണിപ്പൂർ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രത്യാശിക്കാം'; ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ


തിരുവനന്തപുരം: മൂന്നാം വട്ടവും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയട്ടേ എന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചത്: എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാര്‍ത്ഥ ഭരണാധികാരി. മതേതരത്വമാണ് നമ്മുടെ ഭാരതത്തിന്റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് സഭ ഉറച്ചു വിശ്വസിക്കുന്നു. മണിപ്പൂരില്‍ നടന്നതു പോലെയുള്ള കറുത്ത ദിനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെ കേന്ദ്ര മന്ത്രിസഭയിലെടുത്തത് നരേന്ദ്ര മോദി സര്‍ക്കാരിന് കേരളത്തോടുള്ള കരുതലായാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ കാണുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ ഉത്തരവ് കാര്‍ഷിക ക്ഷേമത്തിന് വേണ്ടിയിട്ടുള്ളതാണെന്നത് രാജ്യത്തെ ഭൂരിഭാഗം വരുന്ന കര്‍ഷക ജനതയ്ക്കുള്ള അംഗീകാരമാണ്. ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഭാരതത്തെ കൈപിടിച്ചുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു.