സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിന് ഒരു ലക്ഷം കൈക്കൂലി ; നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറെയും കോണ്‍ട്രാക്ടറെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു

സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിന് ഒരു ലക്ഷം കൈക്കൂലി ; നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറെയും കോണ്‍ട്രാക്ടറെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു


തൊടുപുഴ: സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയറെയും ഇടനിലക്കാരനായ കോണ്‍ട്രാക്ടറെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലിന് തൊടുപുഴ നഗരസഭാ ഓഫീസില്‍നിന്നാണ് അസി. എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ കോണ്‍ട്രാക്ടര്‍ റോഷന്‍ സര്‍ഗവും പിടിയിലായത്. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് കേസില്‍ രണ്ടാം പ്രതിയാണ്.

കോണ്‍ട്രാക്ടര്‍ റോഷനാണ് മൂന്നാം പ്രതി. തൊടുപുഴയ്ക്ക് സമീപം കുമ്പംകല്ല് ബി.ടി.എം എല്‍.പി. സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനാണ് കൈക്കൂലി വാങ്ങിയതെന്ന് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി: ഷാജു ജോസ് പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇസ്മയില്‍ ഒരു മാസം മുമ്പ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പരിശോധന നടത്തിയ അസി. എന്‍ജിനീയര്‍ ഫിറ്റ്‌നസ് നല്‍കാന്‍ കൂട്ടാക്കാതെയും അപേക്ഷയില്‍ തീരുമാനമെടുക്കാതെയും നീട്ടിക്കൊണ്ടുപോയി.

പല തവണ നഗരസഭാ ഓഫീസില്‍ എത്തി അഭ്യര്‍ഥിച്ചിട്ടും എന്‍ജിനീയര്‍ വഴങ്ങിയില്ല. അതിനിടെ, എന്‍ജിനീയര്‍ക്ക് കൈക്കൂലി കൊടുത്താലേ ഫിറ്റ്‌നസ് ലഭിക്കൂവെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററെ ധരിപ്പിച്ചു. ഒരു ലക്ഷമാണ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടത്. ഹജ്ജിന് പോയിരുന്ന സ്‌കൂള്‍ മാനേജര്‍, എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തുക കുറയ്ക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഈ വിവരം വിജിലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാനേജര്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെട്ടു.

അഡ്മിനിസ്‌ട്രേറ്റര്‍ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് ബിജോ അലക്‌സാണ്ടറിനെ അറിയിച്ചു. തുടര്‍ന്ന് ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് നഗരസഭാ ഓഫീസിലെത്തിയ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, റോഷന് ഒരു ലക്ഷം രൂപ കൈമാറി.

പണവുമായി വൈകിട്ട് നാലിന് അസി. എന്‍ജിനീയറുടെ കാബിനില്‍ എത്തിയ റോഷന്‍ പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് സംഘം പിടികൂടിയത്. 500 ന്റെ രണ്ട് കെട്ടുകളായായിരുന്നു പണം. തുടര്‍ന്ന് അജിയുടെയും റോഷന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് എല്‍.ഡി.എഫ്.പിന്തുണയുള്ള സ്വതന്ത്രനായ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയത്. പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇടുക്കി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍മാരായ ടിപ്‌സണ്‍ തോമസ് മേക്കാടന്‍, ഷിന്റോ പി.കുര്യന്‍, ഫിലിപ് സാം, ഷെഫീര്‍, പ്രദീപ്, എസ്.ഐമാരായ സഞ്ജയ്, ബിജു വര്‍ഗീസ്, ബിജു കുര്യന്‍, പ്രമോദ്, സ്റ്റാന്‍ലി തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.