കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ പ്രഥമ പരിഗണന; ആദ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ പ്രഥമ പരിഗണന; ആദ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി; കേന്ദ്രമന്ത്രി സുരേഷ് ഗോപികേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ആദ്യം ചെയ്യാന്‍ പോകുന്നത് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സുരേഷ് ഗോപി എംപി. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇതിനായി ബന്ധപ്പെട്ടവരുമായി ആദ്യ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം മോദി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു.

തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യനും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി ഉള്‍പ്പെടെ 72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. അന്‍പത്തിരണ്ടാമനായി എത്തിയ സുരേഷ് ഗോപി, ഇംഗ്ലിഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.71ാമനായാണ് ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ.

പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേര്‍ സഹമന്ത്രിമാര്‍. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടല്‍ബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദര്‍ശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.