മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വി ശിവൻകുട്ടി നിയമസഭയിൽ; പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വി ശിവൻകുട്ടി നിയമസഭയിൽ; പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ


തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.

നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായി പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ സബ്മിഷന്‍ ഉന്നയിച്ചു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ സമ്മതിച്ചു. സീറ്റ് ക്ഷാമത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ലാത്ത അവസ്ഥയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും വിദ്യാർത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സ്‌കൂളുകൾക്ക് മുന്നിൽ പ്ലക്കാർഡുമായി അഡ്മിഷൻ കിട്ടാത്ത കുട്ടികളെത്തി. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തി.