ഉഭയസമ്മതത്തോടെ ഉള്ള ബന്ധമെന്ന ഒമർ ലുലുവിന്റെ വാദം കളവ്; സംവിധായകന് മുൻകൂർ ജാമ്യം അനുവദിക്കരുത്; കേസിൽ കക്ഷി ചേർന്ന് പരാതിക്കാരിയായ നടി

ഉഭയസമ്മതത്തോടെ ഉള്ള ബന്ധമെന്ന ഒമർ ലുലുവിന്റെ വാദം കളവ്; സംവിധായകന് മുൻകൂർ ജാമ്യം അനുവദിക്കരുത്; കേസിൽ കക്ഷി ചേർന്ന് പരാതിക്കാരിയായ നടി
കൊച്ചി: താനുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നു എന്നതടക്കമുള്ള സംവിധായകൻ ഒമർ ലുലുവിന്റെ വാദം തെറ്റെന്ന് പരാതിക്കാരിയായ നടി. ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നടി കേസിൽ കക്ഷി ചേർന്നു. ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒമർ ലുലുവിന് ഹൈക്കോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

നെടുമ്പാശേരിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. പലാരിവട്ടം പൊലീസാണ് പരാതി നെടുമ്പാശ്ശേരിയിലേക്ക് കൈമാറിയത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലായതിനാൽ പരാതി നെടുമ്പാശേരി പൊലീസിനു കൈമാറിയത്. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചിരുന്നു. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമർ ലുലു വാദിക്കുന്നു. നടിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിക്കു പിന്നിൽ. ആറുമാസമായി തങ്ങൾ തമ്മിൽ ബന്ധമില്ല. പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നതെന്നും ഒമർ ലുലു പറഞ്ഞു.

2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹർജിയിൽ വ്യക്തമാക്കി. ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തു. ഇത് 2023 ഡിസംബർ വരെ തുടർന്നു. ബന്ധം വികസിച്ചു വന്നതോടെ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കിത്തുടങ്ങിയതായി ഒമർ ലുലു ഹർജിയിൽ ആരോപിച്ചു.

താൻ പൊസസീവ് ആണെന്ന് പരാതിക്കാരി പറയുകയും ചെയ്തിട്ടുണ്ടെന്നാണ് ഒമർ ലുലുവിന്റെ വാദം. ആരോടെങ്കിലും സംസാരിച്ചാൽ പോലും സംശയത്തിന്റെ കണ്ണിൽക്കൂടി നോക്കി തുടങ്ങി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോൺ പരിശോധിക്കുമായിരുന്നു. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളിൽ പോവുകയും വിവിധ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപ്പാർട്ട്മെന്റിൽ പരാതിക്കാരി താമസിച്ചിട്ടു പോലുമുണ്ടെന്ന് ഒമർ ലുലു പറയുന്നു. പരാതിക്കാരിക്ക് തന്നോടുള്ള പെരുമാറ്റം ഒരു വിധത്തിലും സഹിക്ക വയ്യാതായതോടെയാണ് ബന്ധം തകർന്നതെന്നും 2023 ഡിസംബറിനു ശേഷം യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഒമർ ലുലു അവകാശപ്പെട്ടു.

പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകൾ കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നു തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയിൽ പറയുന്നു. അടുത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയിരുന്നത് എന്നും ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വേഷം ഇല്ല എന്നു മനസ്സിലാക്കിയെന്നും അതിനാൽ ചതിച്ചു എന്നുമാണ് പരാതിക്കാരി പൊലീസിന് നൽകിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്ന് ഒമർ ലുലു ഹർജിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇവിടെ എന്ന് ഒമർ ലുലുവിന്റെ ഹർജിയിൽ ആരോപിക്കുന്നു.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ബാഡ് ബോയ്‌സ് എന്ന സിനിമയാണ് ഒമർ ലുലു ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത്. റഹ്‌മാനാണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു.