ഇരിട്ടി പഴയ പാലം വഴിയുള്ള വൺവേ ഗതാഗതം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചേക്കുംകൺടെയ്‌നർ ലോറി ഇടിച്ചുതകർത്ത ഭാഗം ശരിയാക്കിത്തുടങ്ങി

 

ഇരിട്ടി : ഇരിട്ടി പഴയ പാലം വഴിയുള്ള വൺവേ ഗതാഗതം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചേക്കും. കൺടെയ്‌നർ ലോറി ഇടിച്ചുതകർന്ന പാലത്തിന്റെ ക്രോസ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. രണ്ടാഴ്ചയിലധികമായി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട്‌. ഇതോടെ പുതിയ പാലംകവലയിൽ ഗതാഗതസ്തംഭനം രൂക്ഷമായി.

രണ്ടാഴ്ച പിന്നിട്ടിട്ടും അപകടം വരുത്തിയ കൺടെയ്‌നർ ലോറി മാറ്റാനോ തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായിരുന്നില്ല. പൊതുമരാമത്തിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം കൺടെയ്‌നർ ലോറി പാലത്തിന് മുന്നിൽനിന്ന് മാറ്റുകയും തകർന്ന ക്രോസ് ഗർഡർ പുനഃസ്ഥാപിക്കാനും തുടങ്ങി. കലാവസ്ഥ അനുകൂലമായാൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെയോടെ ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാകുമെന്നാണ്‌ കരുതുന്നത്‌. 

പുതിയ പാലം യാഥാർഥ്യമായതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നേരത്തെ പൂർണമായും തടഞ്ഞിരുന്നു. പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പിന്റെ ഭാഗമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി പെയിന്റിങ് ഉൾപ്പെടെ നടത്തിയാണ് വൺവെ ഗതാഗതത്തിന് തുറന്നുകൊടുത്തത്.

ഇരിട്ടിയിൽ നിന്നും ഉളിക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പഴയ പാലം വഴി പോയിക്കൊണ്ടിരുന്നത്. പാലത്തിന്റെ പ്രവേശന കവാടത്തിൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായുള്ള ബോർഡും സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വലിയ കൺടെയ്‌നർ ലോറി പാലത്തിലേക്ക് പ്രവേശിച്ചതോടെയാണ് പാലത്തിന്റെ ക്രോസ് ഗർഡർ ഇടിച്ചുതകർത്തത്. ഉടമയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയാണ് ലോറി വിട്ടുനൽകിയിരിക്കുന്നത്.