മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ രാജേഷിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. രാജേഷിന്റെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്.

മുണ്ടേരി ഫാമിലെ ജീവനക്കാർ ആനയുടെ ചിന്നം വിളികേട്ട് പ്രദേശത്തേക്ക് ഓടിയെത്തിയപ്പോഴാണ് ആനയുടെ ആക്രമണത്തിനിരയായി കിടക്കുന്ന രാജേഷിനെ കണ്ടത്. എന്നാൽ രാജേഷിനെ ആന ആക്രമിക്കുന്നത് ആരും കണ്ടിട്ടില്ല.

നാട്ടുകാരും പൊലീസും ചേർന്ന് രാജേഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. രാജേഷ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.