മസാജ് ചെയ്യുന്നതിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം: തിരുമ്മുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു


മസാജ് ചെയ്യുന്നതിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം: തിരുമ്മുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തുവയനാട്: തിരുനെല്ലിയിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തിൽ കുറ്റാരോപിതനായ മസാജ് സെന്ററിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ, യവനാര്‍കുളം, എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ(29)യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് ഇമെയില്‍ വഴി പരാതി നല്‍കിയ സംഭവത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുന്ന സമയത്ത്, ലൈംഗികാതിക്രമം നടത്തിയത്. വിദേശത്തേക്ക് മടങ്ങിയ പരാതിക്കാരിക്ക് പ്രതിയുടെ ഫോട്ടോ അയച്ചുകൊടുത്തു. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.