ബേബി പെരേപ്പാടന്‍ അയര്‍ലന്‍ഡിലെ ഇന്ത്യക്കാരനായ ആദ്യ മേയര്‍


ബേബി പെരേപ്പാടന്‍ അയര്‍ലന്‍ഡിലെ ഇന്ത്യക്കാരനായ ആദ്യ മേയര്‍


ഡബ്ലിന്‍: ബ്രിട്ടനു പിന്നാലെ അയര്‍ലന്‍ഡിലും മേയറായി മലയാളി. സൗത്ത്‌ ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ ഇതാദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജന്‍ മേയറാകുന്നത്‌. കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ താല സൗത്ത്‌ മണ്ഡലത്തില്‍നിന്നാണ്‌ ഭരണകക്ഷിയായ ഫൈന്‍ ഗേല്‍ സ്‌ഥാനാര്‍ത്ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്‌. മുന്‍ മേയര്‍ അലന്‍ എഡ്‌ജില്‍നിന്ന്‌ അദ്ദേഹം ചുമതലയേറ്റു. രണ്ടാം തവണയാണ്‌ ബേബി പെരേപ്പാടന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്‌.
ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെന്‍ട്രലില്‍നിന്നും വിജയിച്ചിരുന്നു.
എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ പുളിയനം ആണ്‌ ബൈബി പെരേപ്പാടന്റെ സ്വദേശം. 20 വര്‍ഷം മുമ്പാണു അയര്‍ലന്‍ഡിലേക്കു കുടിയേറിയത്‌. ഭാര്യ ജിന്‍സി മാത്യു ബ്യൂമോണ്ട്‌ ആശുപത്രിയില്‍ അഡ്വാന്‍സ്‌ഡ് നഴ്‌സ് പ്രാക്‌ടീഷണറാണ്‌. മകള്‍: ബ്രോണ.