മാനന്തവാടിയിൽ 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍, നിരീക്ഷണം ശക്തമാക്കി എക്സൈസ്

മാനന്തവാടിയിൽ 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍, നിരീക്ഷണം ശക്തമാക്കി എക്സൈസ്


മാനന്തവാടി: പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്‌സൈസ് പിടികൂടിയത്. അബ്കാരി ആക്ട് പ്രകാരം കേസെടുത്ത എക്സസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്‍, ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ടി.കെ രാമചന്ദ്രന്‍, കെ. ചന്തു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ഒ. അജ്ഞു ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എക്‌സൈസും പോലീസും പ്രദേശത്തെ മറ്റു ലഹരി ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം കായംകുളത്തും എക്സൈസ് അനധികൃത മദ്യവിൽപ്പനയ്ക്ക് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് പ്രതിരോധ സേനയിൽ ക്ലറിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെയാണ്  55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടിയത്. ആലപ്പുഴ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ  ഗോപകുമാർ, പിഒ  റെനി, സിവിൽ എക്സൈസ് ഓഫീസർ സജീവ്, വുമൻ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.