നിപാ ബാധിച്ച് മരിച്ച 14 കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി


നിപാ ബാധിച്ച് മരിച്ച 14 കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി


മലപ്പുറം : നിപാ ബാധിച്ച് മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് പുറത്തിറക്കി. കുട്ടിയുടെ പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ മാപ്പിലുള്ള സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ നിപാ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചു.



ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല് 11.30നാണ് മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. മൃതദേഹം ​നിപാ പ്രോട്ടോക്കോള്പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ ഖബറടക്കി.

മരിച്ച കുട്ടിയുടെ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാഫലം നെ​ഗറ്റീവാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള സുഹൃത്തുക്കളായ ആറു പേരുടെയും നേരിട്ട് സമ്പർക്കമില്ലാത്ത, കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള പാണ്ടിക്കാട് സ്വദേശിയായ അറുപത്തെട്ടുകാരന്റെയും ഫലമാണ് നെഗറ്റീവായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാര്ത്താസമ്മേളനത്തില് അറിയിച്ചു.

കുട്ടിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ പുരോഗമിക്കുന്നു. നിലവിൽ 380 പേരാണ് പട്ടികയിൽ. ഇതിൽ 68 ആരോഗ്യപ്രവർത്തകർ. 101 പേർ ഹൈ റിസ്ക് വിഭാഗത്തിൽ. ഇവരുടെ സ്രവങ്ങൾ പരിശോധിക്കും. കുട്ടിയുടെ റൂട്ട് മാപ്പ് വിപുലീകരിച്ചു.