ദമ്മാമിൽ ടേക്ക് ഓഫിനിടെ വിമാനത്തില്‍ തീ; ഉടനടി 186 യാത്രക്കാർ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക്, എല്ലാവരും സുരക്ഷിതർ

ദമ്മാമിൽ ടേക്ക് ഓഫിനിടെ വിമാനത്തില്‍ തീ; ഉടനടി 186 യാത്രക്കാർ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക്, എല്ലാവരും സുരക്ഷിതർ


ദമ്മാം: ടേക്ക് ഓഫിനിടെ വിമാനത്തില്‍ തീപിടിത്തം. സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനത്തില്‍ അഗ്നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.

നൈല്‍ എയര്‍ വിമാനത്തിലാണ് തീപിടിത്തമുണ്ടായതെന്ന് നഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്‍റര്‍ വ്യക്തമാക്കി. എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട വിമാനത്തിന്‍റെ ടയറിലാണ് തീ പടര്‍ന്നുപിടിച്ചത്. ടേക്ക് ഓഫിനിടെയാണ് സംഭവം. ഉടന്‍ തന്നെ ടേക്ക് ഓഫ് റദ്ദാക്കി. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ അഗ്നിശമനസേന സംഘങ്ങള്‍ വിമാനത്തിലെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. 


186 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റുകള്‍ വഴി വിമാനത്തില്‍ നിന്ന് പുറത്തിറക്കി. നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്ററിന് കീഴിലെ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചു. മറ്റ് വിമാനങ്ങളുടെ ലാന്‍ഡിങിനെയോ ടേക്ക് ഓഫിനെയോ സംഭവം ബാധിച്ചിട്ടില്ലെന്ന് ദമ്മാം എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.