ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു ; പത്ത് മരണം സ്ഥിരീകരിച്ചു, 40 ഓളം പേര്‍ ചികിത്സയില്‍

ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു ; പത്ത് മരണം സ്ഥിരീകരിച്ചു, 40 ഓളം പേര്‍ ചികിത്സയില്‍



മാനന്തവാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലായി ഉണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. 40 ലധികം പേര്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. മണ്ണിനടിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. അനേകം വീടുകള്‍ തന്നെ പ്രദേശത്ത് കാണാതായി. മരണമടഞ്ഞവരില്‍ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. അതിശക്തമായ മഴയും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം വരുത്തുന്നുണ്ട്. വിടുകള്‍ തകരുകയും വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ മാത്രം 30 ലധികം േപര്‍ ചികിത്സയിലാണ്. 400 കുടുംബങ്ങളാണ് ചൂരല്‍മലയില്‍ ഒറ്റപ്പെട്ടത്. വന്‍ ദുരന്തമാണ് ഉണ്ടായത്. കല്ലുകളും കടപുഴകി വീണ മരങ്ങളും മറ്റും ഒഴുകിവരുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള ഏകവഴി അടഞ്ഞതിനാല്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും മുണ്ടക്കൈയ്യില്‍ ഉണ്ടെന്നാണ് വിവരം. കുത്തിയൊഴുകി വരുന്ന വെള്ളം രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. ഹെലികോപ്റ്ററിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അനേകം വീടുകള്‍ അപ്രത്യക്ഷമായതായിട്ടാണ് വിവരം.

മുണ്ടക്കൈയ്യില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. തോട്ടം തൊഴിലാളികളായ 200 പേര്‍ അടക്കം 400 ലധികം പേര്‍ പാര്‍ക്കുന്ന മേഖലയാണ് മുണ്ടക്കൈ. ചൂരല്‍മല ഭാഗത്ത് രണ്ടുനില കെട്ടിടത്തിന്റെ വലിയപ്പത്തിലുള്ള മണ്ണ് വന്നടിഞ്ഞതായിട്ടാണ് വിവരം. പുലര്‍ച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുണ്ടക്കൈ നഗരം മുഴുവന്‍ മണ്ണു വന്നടിഞ്ഞതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ, മുണ്ടക്കൈ, അട്ടമല, ചൂരല്‍മല പ്രദേശത്ത് വന്‍ നാശനഷ്ടമാണ്. ചൂരല്‍മല പാലം നശിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താനാകുന്നില്ല എന്നതാണ് പ്രശ്‌നം. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള മുഴുവന്‍ ജില്ലകളിലെയും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്. മലപ്പുറം പോത്തുകല്ലില്‍ നിന്നും ഒരു കൊച്ചുകുട്ടിയുടെ മൃതദേഹം കിട്ടിയതായി വിവരമുണ്ട്.

മൂന്നിടത്തായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ അനേകരെയാണ് കാണാതായിരിക്കുന്നത്. മുണ്ടക്കൈ ചൂരല്‍മല പാലം ഒഴിച്ചാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ വേറെ വഴിയില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്ന ഘടകം. താല്‍ക്കാലിക സംവിധാനം ഒരുക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. രണ്ടു കുട്ടികള്‍ അടക്കം ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാട്ടുകാര്‍ പ്രദേശത്ത് നിന്നും പുറത്തുകടക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് വാട്‌സാപ്പിലും മറ്റും സഹായം തേടുന്നതിന്റെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.