തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; 5 യൂണിറ്റ് ഫയ‍ർഫോഴ്സെത്തി, സ്ഥാപനം പൂർണമായി കത്തി നശിച്ചു; ഒരു മരണം


തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; 5 യൂണിറ്റ് ഫയ‍ർഫോഴ്സെത്തി, സ്ഥാപനം പൂർണമായി കത്തി നശിച്ചു; ഒരു മരണംതൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. അപകടസമയത്ത് അഞ്ചു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ വൈകിട്ട് അഞ്ചുമണിക്ക് ജോലി കഴിഞ്ഞ് പോയിരുന്നു. വെല്‍ഡിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തീപടര്‍ന്നപ്പോള്‍ നാലു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. ബാത്ത് റൂമില്‍നിന്നും ഒരാളുടെ നിലവിളി കേട്ടതായി തൊഴിലാളികള്‍ പറയുന്നു.  

വടക്കാഞ്ചേരിയില്‍നിന്നും തൃശൂരില്‍നിന്നും കുന്നംകുളത്തുനിന്നും പുതുക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ യൂണിറ്റുകള്‍ വന്നാണ് തീയണച്ചത്. ഇടുങ്ങിയ വഴിയായതിനാല്‍ വലിയ വാഹനങ്ങള്‍ ഇവിടെയെത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രാത്രിയോടെ ശക്തിയായ മഴപെയ്തതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായമായി. പുലര്‍ച്ചെയോടെയാണ് തീയണയ്ക്കാന്‍ സാധിച്ചത്. നൂറോളം ബൈക്കും ബുള്ളറ്റുകളും സ്പെയര്‍ പാര്‍ട്സുകളും കത്തിനശിച്ചവയില്‍ പെടുന്നു. ഒന്നരക്കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. വിനു, അനു എന്നീ സഹോദരങ്ങളുടെ സ്ഥാപനമാണിത്..