വയനാട് ഉരുള്‍പൊട്ടല്‍: കൈപിടിച്ച് തമിഴ്‌നാട്; 5 കോടി രൂപയടക്കം സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍



വയനാട് ഉരുള്‍പൊട്ടല്‍: കൈപിടിച്ച് തമിഴ്‌നാട്; 5 കോടി രൂപയടക്കം സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍



ചെന്നൈ: വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്‌നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അഞ്ച് കോടി രൂപ നല്‍കും എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്ന് സ്റ്റാലിന്‍ അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.



'ബാപ്പ മരിച്ചുകിടക്കുകയാണ്, ചെറിയ ചെക്കൻ മരിച്ചുകിടക്കുകയാണ്, എങ്ങനയെങ്കിലും രക്ഷപ്പെടുത്ത്'


'ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്,' സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നമ്മള്‍ ഒറ്റക്കെട്ടായി ഈ ദുരന്തത്തെ തരണം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പിണറായി വിജയനുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.





സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പിണറായി വിജയനുമായി സംസാരിച്ചു എന്നും അമിത് ഷായും അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചു.


സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്‍വിസിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും എന്ന് അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബെംഗളൂരുവില്‍ നിന്നാണ് എത്തുക.





ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചിരുന്നി. അതിനിടെ പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.