ബൈക്കിന് പിന്നിൽ പാഞ്ഞു വന്നിടിച്ച് കെഎസ്ആർടിസി, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; അത്ഭുതകരമായി രക്ഷപ്പെടൽ


ബൈക്കിന് പിന്നിൽ പാഞ്ഞു വന്നിടിച്ച് കെഎസ്ആർടിസി, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; അത്ഭുതകരമായി രക്ഷപ്പെടൽ


ഫറോഖ് : കോഴിക്കോട് വാഹനാപകടത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിൽ  കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞവന്നിടിച്ച് തെറിച്ച് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ബസിന്‍റെ ഇടിയേറ്റ് ബൈക്കിൽ നിന്നും മറിഞ്ഞ് വീണ ഫിറോസ് യാതൊരു പരിക്കും കൂടാതെ ബസിന് മുന്നിലേക്ക് എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും കോട്ടയം പോകുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ബൈക്കിലിടിച്ചത്. യുവാവിന്‍റെ അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.