ഓഫര്‍ സെയിലിനിടെ ലുലു മാളില്‍ ലക്ഷങ്ങളുടെ മൊബൈല്‍ മോഷണം; ഒമ്പത് പേ‍ർ പിടിയിൽ

ഓഫര്‍ സെയിലിനിടെ ലുലു മാളില്‍ ലക്ഷങ്ങളുടെ മൊബൈല്‍ മോഷണം; ഒമ്പത് പേ‍ർ പിടിയിൽ




തിരുവനന്തപുരം: ലുലുമാളിൽ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. തിരുവനന്തപുരം ലുലു മാളിലാണ് മോഷണം നടന്നത്. ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂലൈ നാല് മുതല്‍ ഏഴ് വരെയായിരുന്നു അമ്പത് ശതമാനം ഓഫർ പ്രഖ്യാപിച്ചത്.

കസ്റ്റഡിയിലെടുത്ത ഒമ്പത് പേരിൽ ആറ് പേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. മാളിൽ നിന്നും വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയിൽ ഇന്നലെയാണ് അവസാനിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ വസ്ത്രങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ,ലാപ്ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ ​ഗ്രോസറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളിൽ വലിയ വിലക്കിഴിവാണ് ഉണ്ടായിരുന്നത്. ജൂലൈ നാല് മുതൽ ഏഴ്വരെ വൻ തിരക്കാണ് ലുലുമാളിൽ അനുഭവപ്പെട്ടത്.

അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫണ്‍ടൂറ തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ മഹാസെയില്‍ ഓഫറുകള്‍ ആയിരുന്നു ഒരുക്കിയിരുന്നത്.