ഇങ്ങനെ ഫ്യൂസ് ഊരിയാൽ ഞങ്ങളും ഫ്യൂസ് ഊരും', തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്കുള്ള റാന്തൽ മാർച്ചിൽ സംഘർഷം


'ഇങ്ങനെ ഫ്യൂസ് ഊരിയാൽ ഞങ്ങളും ഫ്യൂസ് ഊരും', തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്കുള്ള റാന്തൽ മാർച്ചിൽ സംഘർഷം


തൃശൂർ: തിരുവമ്പാടിയിൽ റസാഖിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി കട്ട് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം വാക്കേറ്റം ഉണ്ടായി. വലിയ തോതിലുള്ള സംഘർഷത്തിലേക്ക് പ്രതിഷേധം നീങ്ങവെ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

അതിനിടെ കെ എസ് ഇ ബി ഇങ്ങനെ ഫ്യൂസ് ഊരിയാൽ പൊതുജനങ്ങളെ മുൻനിർത്തി ഞങ്ങളും ഫ്യൂസ് ഊരുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇങ്ങനെ പറയേണ്ടിവരുന്നത് ഭീഷണി അല്ലെന്നും ഗതികേട് ആണെന്നും മാങ്കൂട്ടത്തിൽ വിവരിച്ചു. ഓഫീസ് തല്ലിതകർത്തെന്ന് പറഞ്ഞ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കട്ട് ചെയ്തവർ, നിയമസഭ തല്ലിതകർത്ത ശിവൻകുട്ടിക്കെതിരെ എന്ത് നടപടി ആണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.

അതേസമയം റസാഖിന്‍റെ വീട്ടിലെ കറണ്ട് കട്ട് ചെയ്ത വിഷയത്തിൽ പരിഹാരം കാണാനായി സർക്കാർ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. റസാഖുമായും വീട്ടുകാരുമായി ചർച്ച ചെയ്യാൻ കളക്ടർ ചുമതലപ്പെടുത്തിയതനുസരിച്ച് താമരശ്ശേരി തഹസിൽദാർ വീട്ടിലെത്തി. താമരശ്ശേരി തഹസിൽദാർ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചർച്ച നടത്തി. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് തഹസീൽദാർ നിർദ്ദേശിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം. റസാഖ് ഈ സത്യവാങ്മൂലത്തിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്ന പരിഹാരം നീളുകയാണ്.