ഫറോക്ക് എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ ലോട്ടറി കടയിൽ പരിശോധന; പിടിവീണത് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്ക്


ഫറോക്ക് എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ ലോട്ടറി കടയിൽ പരിശോധന; പിടിവീണത് ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്ക്


ബേപ്പൂര്‍: ഒറ്റനമ്പര്‍ ലോട്ടറി വില്‍പന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ അങ്ങാടിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന മാത്തോട്ടം ഉള്ളിശ്ശേരിക്കുന്ന് സ്വദേശികളായ മണ്ണില്‍ വീട്ടില്‍ എം സിജു (42), പിതൃസഹോദരിയുടെ മകളായ പുളിക്കല്‍ വീട്ടില്‍ പി മിനി(49) എന്നിവരാണ് ബേപ്പൂര്‍ പൊലിസിന്‍റെ പിടിയിലായത്.

കേരള ലോട്ടറി നിയമങ്ങള്‍ ലംഘിച്ച് സര്‍ക്കാറിലേക്ക് നികുതി അടയ്ക്കാതെ അനധികൃതമായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തി സര്‍ക്കാറിനെ വഞ്ചിച്ചതിനാണ് കേസ്. ഇരുപതിനായിരം രൂപയും, മൊബൈല്‍ ഫോണും, ഒറ്റ നമ്പറുകള്‍ എഴുതിയ പേപ്പറുകളും പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഫറോക്ക് എ സി പി സജു എബ്രഹാമിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ബേപ്പൂര്‍ എസ് ഐ ഷുഹൈബിന്റെ നേതൃത്വത്തില്‍ എസ് ഐ സുധീഷ്, സി പി ഒ രഞ്ജിത്ത്, ജിതിന്‍, സുധീഷ്, നിതിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം ഇവരെ ലോട്ടറി കടയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.