കറണ്ട് ബില്ല് ഇനി ഞൊടിയിടയിൽ; മൊബൈൽ ആപ്പുമായി കെഎസ്ഇബി

കറണ്ട് ബില്ല് ഇനി ഞൊടിയിടയിൽ; മൊബൈൽ ആപ്പുമായി കെഎസ്ഇബി
വൈദ്യുതി നിരക്ക് എളുപ്പത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി പുത്തൻ സംവിധാനവുമായി കെഎസ്ഇബി. വൈദ്യുതി നിരക്ക് എളുപ്പത്തിൽ കണക്കാക്കാൻ നവീകരിച്ച കെഎസ്ഇബി ആപ്പിലൂടെ ‘ബിൽ കാൽക്കുലേറ്റർ’ സേവനം സഹായിക്കും. മീറ്റർ റീഡിങും കൺസ്യൂമർ നമ്പറും നൽകി ഫോൺ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്യാവുന്നതാണ്.

ഒന്നിൽ കൂടുതൽ ബില്ലുകൾ ഒരുമിച്ച് അടയ്‌ക്കുന്നതിനും റജിസ്ട്രേഡ് ഉപയോക്താക്കൾക്ക് കെഎസ്ഇബി അവസരം ഒരുക്കുന്നുണ്ട്. വൈദ്യുതനിരക്ക് എളുപ്പത്തിൽ കണക്കാക്കുന്നതിനോടൊപ്പം പണമടയ്‌ക്കൽ, പഴയ ബില്ല്, ഉപയോഗം, മീറ്റർ റീഡിങ് തുടങ്ങിയ രേഖകൾ പരിശോധിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.

കൺസ്യൂമർ നമ്പറും മൊബൈൽ ഒ ടി പി യും രേഖപ്പെടുത്തി ആപ്പിൽ രജിസ്റ്റർ ചെയ്യാതെയും പണമടയ്‌ക്കുകയും പരാതിപ്പെടുകയും ചെയ്യാനുള്ള സൗകര്യവും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം, വൈദ്യുതി വിച്ഛേദിക്കൽ തുടങ്ങിയവയുടെ മുന്നറിയിപ്പുകൾ ലഭ്യമാകും.

താരിഫ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, ലോഡ് മാറ്റം, ഫെയ്സ്മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങി നിരവധി സേവനങ്ങൾ പുതിയ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ പുത്തൻ ആപ്പിലൂടെ കെഎസ്ഇബിക്ക് സാധിക്കും. ആൻഡ്രോയിഡിൽ ജനുവരി 30ന് ലഭ്യമാക്കിയ പരിഷ്കരിച്ച ആപ്ലിക്കേഷൻ ഇതിനോടകം തന്നെ ഒരു ലക്ഷം ഉപയോക്താക്കളും ഐ ഫോണിൽ 10000 ത്തിലധികം ആളുകളും ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു.