ആലപ്പുഴയിൽ സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

ആലപ്പുഴയിൽ സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ


ചാരുംമൂട്: ആലപ്പുഴ ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയിൽ സുനിൽ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

സ്കൂൾ കോമ്പൗണ്ടിന്റെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വിദ്യാർത്ഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. താഴെ വീണ സൂരനാഥിനെ ഉടൻ തന്നെ ചുനക്കര സിഎച്ച്സിയിൽ എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാരാശുപത്രിയിലക്കു മാറ്റുകയായിരുന്നു. ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.  കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

സ്കൂളിന്റെ മുൻവശത്ത് വടക്കേയറ്റത്തായി മതിനോട് ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമറുള്ളത്. ഇതിന് ചുറ്റുമായി അരമതിലും കമ്പിവേലിയുമുണ്ട്. അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പിടിഎ കമ്മിറ്റികൾ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ പറയുന്നത്.  ട്രാൻസ്ഫോർമറിന്‍റെ ചുറ്റിലുമായി ഉയരത്തിലുള്ള സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.