അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം, അന്വേഷണം തുടര്‍ന്ന് പൊലീസ്

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം, അന്വേഷണം തുടര്‍ന്ന് പൊലീസ്


കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. കുടുംബനാഥനായ ബിനീഷ് കുര്യൻ കാനിൽ പെട്രോൾ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാൻ രാസപരിശോധനാഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ടും വരണം.

കഴിഞ്ഞ മാസം എട്ടാം തീയതി പുലർച്ചെയാണ് അങ്കമാലി അങ്ങാടിക്കടവിൽ താമസിച്ചിരുന്ന ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന ജെസ്വിൻ എന്നിവർ മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തീപിടിച്ചാണ് നാല് പേരും മരിച്ചത്. അങ്കമാലിയിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ബിനീഷിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെട്രോൾ പമ്പിൽ നിന്ന് ബിനീഷ് കാനിൽ പെട്രോൾ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കിട്ടിയത്. തീപിടിത്തമുണ്ടായ മുറിയിൽ കാനുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാണ് കൂട്ട ആത്മഹത്യയെന്ന സംശയം ഉണ്ടാക്കിയത്.

ഇക്കാര്യം സ്ഥിരീകരിക്കാൻ തീപിടിത്തത്തിന് രാസവസ്തുക്കളുടെ സാന്നിധ്യം കാരണമായോ എന്നറിയണം. ഇതിന് വിശദമായ രാസപരിശോധനാഫലം വരേണ്ടതുണ്ട്. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടും വരണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും പൊലീസ് അന്വേഷണം തുടരുക. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.