ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്


ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്


തിരുവനന്തപുരം: എല്‍പിജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് ലക്ഷ്യമിടുന്നത്.

ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട് രണ്ട് മാസമായി. തുടക്കത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു. മസ്റ്ററിംഗ് ക്യാംപുകൾ നടത്തിയിട്ടും വലിയ പങ്കാളിത്തമില്ലായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലുള്ളവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന പ്രചാരണമാകാം ഇതിന് കാരണമെന്നാണ് ഇന്ധന കമ്പനികളുടെ നിഗമനം. ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇൻഡെൽ, ഭാരത്, എച്ച് പി കമ്പനികൾ രംഗത്തെത്തിയത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം. 

നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം. നടപടികൾ ശരിയാണെങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.