കുടുംബത്തിലെ 11 പേരെയും ഉരുള്‍ കൊണ്ടു പോയി; തനിച്ചായി നൗഫല്‍: ഒമാനില്‍ നിന്നെത്തിയ നൗഫലിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും

കുടുംബത്തിലെ 11 പേരെയും ഉരുള്‍ കൊണ്ടു പോയി; തനിച്ചായി നൗഫല്‍: ഒമാനില്‍ നിന്നെത്തിയ നൗഫലിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും






കല്പറ്റ : നൗഫലിന്റെ വീടു നിന്നിടത്ത് ബാക്കിയുള്ളത് ഒരു ചെറിയ കല്‍ക്കെട്ടാണ്. അതിനു മേല്‍ എവിടെ നിന്നോ ഒരു കോണ്‍ക്രീറ്റ് കഷ്ണവും ഒഴുകി എത്തിയിട്ടുണ്ട്. തിരിച്ചറിയാന്‍ മറ്റൊന്നും തന്നെ അവിടെയില്ല. വീടടക്കം നൗഫലിന്റെ കുടുംബത്തിലെ 11 പേരായണ് ഉരുള്‍ കൊണ്ടു പോയത്. തീരാവേദനയില്‍ നെഞ്ചുലഞ്ഞ് കരയുകയാണ് ആ മനുഷ്യന്‍. ഭാര്യയും മക്കളും അച്ഛനും അമ്മയും സഹോദരന്റെ കുടുംബവും ്അടക്കം നൗഫലിന് നഷ്ടമായി. ഇനി അടുത്ത ബന്ധുക്കളെന്നു പറയാന്‍ നൗഫലിന് ആരും ഇല്ല.

ഉരുള്‍പൊട്ടലിന്റെ വിവരം അറിഞ്ഞ് ഒമാനില്‍ നിന്നാണ് നൗഫല്‍ നാട്ടിലേക്ക് പാഞ്ഞെത്തിയത്. വീടിരിക്കുന്ന സ്ഥലത്തെത്തിയ നൗഫല്‍ കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അത്രമേല്‍ ഒറ്റയ്ക്കായതിന്റെ നോവായിരുന്നു ആ മനുഷ്യന്. ഭാര്യ സജ്‌ന, 3 കുട്ടികള്‍, ബാപ്പ കുഞ്ഞിമൊയ്തീന്‍, ഉമ്മ ആയിഷ, സഹോദരന്‍ മന്‍സൂര്‍, ഭാര്യ മുഹ്‌സിന, അവരുടെ 3 കുട്ടികള്‍ അടക്കം 11 പേരെയാണ് ഒറ്റരാത്രികൊണ്ടു നഷ്ടമായത്.

കൂടുതല്‍ സുരക്ഷിതമെന്നു തോന്നിയതിനാലാണ് ആ ദുരന്തരാത്രിയില്‍ മന്‍സൂറിന്റെ കുടുംബവും നൗഫലിന്റെ വീട്ടിലെത്തിയത്. മാതാപിതാക്കള്‍ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകള്‍ നഫ്ല നസ്രിന്‍, മന്‍സൂറിന്റെ ഭാര്യ മുഹ്‌സിന, മകള്‍ ആയിഷാമന എന്നിവരുടെയും മൃതദേഹങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്‌ന, മക്കളായ നിഹാല്‍, ഇഷാ മഹ്‌റിന്‍, മന്‍സൂര്‍, മന്‍സൂറിന്റെ മക്കളായ ഷഹ്ല, ഷഫ്‌ന എന്നിവരെ കണ്ടെത്താനായിട്ടില്ല.

ഒമാനില്‍ ജോലി ചെയ്യുന്ന കളത്തിങ്കല്‍ നൗഫല്‍ ബന്ധുവിന്റെ ഫോണ്‍വിളിയെത്തിയപ്പോള്‍ത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. മേപ്പാടി ദുരിതാശ്വാസ ക്യാംപില്‍ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണു വീടിരുന്ന സ്ഥലത്തെത്തിയത്.