പിഎസ്‍സി നിയമനത്തിന് അധിക മാർക്ക് നൽകാൻ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി; വടംവലി ഉൾപ്പെടെ പുതിയ പട്ടികയിൽ


പിഎസ്‍സി നിയമനത്തിന് അധിക മാർക്ക് നൽകാൻ 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി; വടംവലി ഉൾപ്പെടെ പുതിയ പട്ടികയിൽ


തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തത്. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി.

മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് നിലിവുള്ള 40 കായിക ഇനങ്ങൾക്ക് പുറമെ 12 കായിക ഇനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തുക. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആന്റ് അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക. 

അധിക തസ്തിക സൃഷ്ടിക്കും
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ സൂപ്രണ്ടിൻ്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്‍റെ കീഴിലുള്ള സെക്ഷൻ ഓഫീസർമാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനാണ് തീരുമാനം.