മലപ്പുറം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനമേഖലയില്‍ കുടുങ്ങി. പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്നാണ് എസ്‍ഡിപിഐ പ്രവര്‍ത്തകരായ 14അംഗ സംഘം വനത്തിനുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്‍റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാൻ കഴിഞ്ഞില്ലെന്ന് ഇവര്‍ വാട്സ് ആപ്പ് സന്ദേശത്തിലൂടെ എസ്‍ഡിപിഐ പ്രാദേശിക നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തിൽ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. രാവിലെ തിരിച്ചെത്തിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്നാണ് കുടുങ്ങിയവര്‍ അറിയിച്ചിട്ടുള്ളത്. ഇന്നും ജനകീയ തെരച്ചിൽ ചാലിയാറില്‍ നടന്നിരുന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്നുള്ള വിവിധ സ്ഥലങ്ങളിലാണ് തെരച്ചില്‍ നടന്നത്. ഇതിനിടെയാണ് ഒരു സംഘം വനമേഖലയില്‍ കുടുങ്ങിയത്. 14 അംഗ സംഘം തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയത് സംബന്ധിച്ച് .പ്രാദേശിക എസ് ഡി.പി.ഐ നേതൃത്വം പോത്ത് കല്ല് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്