വീട്ടുമുറ്റത്തു നിന്നവരാണ്, ഓടിനടന്ന് കടിച്ചത് 18 സ്ത്രീകൾ ഉൾപ്പെടെ 23 പേരെ, കോഴിക്കോട് തെരുവുനായ ആക്രമണം

വീട്ടുമുറ്റത്തു നിന്നവരാണ്, ഓടിനടന്ന് കടിച്ചത് 18 സ്ത്രീകൾ ഉൾപ്പെടെ 23 പേരെ, കോഴിക്കോട് തെരുവുനായ ആക്രമണം


കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തില്‍ 18 സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് പയ്യോളി തച്ചന്‍കുന്നിലും കീഴൂരിലും പള്ളിക്കരയിലുമാണ് തെരുവുനായയുടെ വ്യാപക ആക്രമണം ഉണ്ടായത്. കടിയേറ്റ രണ്ട് പേരുടെ മുറിവ് ആഴമേറിയതായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. 

ബൈക്ക് യാത്രികനും പരിക്കേറ്റവരില്‍ ഒരാളുടെ വീട്ടിലെ പശുവിനും കടിയേറ്റിട്ടുണ്ട്. പേവിഷബാധ ലക്ഷണം കാണിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണില്‍ രാധ, കോഴിപറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, വെട്ടിപ്പാണ്ടി ശൈലജ, മലയില്‍ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയല്‍, മീത്തലെ ആണിയത്തൂര്‍ ഇഷ, റീന തൊടുവയില്‍, മലയില്‍ ഷൈന, ജ്യോതിസ് വണ്ണത്താംവീട്ടില്‍, പള്ളിക്കരയിലെ മൊയ്യോത്ത് ശാന്ത, പ്രീത, കുറ്റിയില്‍ റീന,  കേളോത്ത് കീര്‍ത്തന എന്നിവരാണ് കടിയേറ്റ സ്ത്രീകള്‍.

തെരുവത്ത്കണ്ടി ശ്രീധരന്‍, കുമാരന്‍ പള്ളിയാറക്കല്‍, ഫിദല്‍ വിനോദ് വേങ്ങോട്ട്, വള്ളിയത്ത് അവിനാഷ്, ബൈക്ക് യാത്രികനായ സുരേഷ് എന്നിവരെയുമാണ് നായ ആക്രമിച്ചത്. ഇതില്‍ ശാന്തയുടെ വീട്ടിലെ പശുവിനാണ് കടിയേറ്റത്. സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് ഭൂരിഭാകം സ്ത്രീകള്‍ക്കും കടിയേറ്റത്. എല്ലാവരെയും ആദ്യം വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാധ, ശ്യാമള എന്നിവരുടെ മുറിവ് ആഴമേറിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.