2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്പകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകി പിണറായി

2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്പകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകി പിണറായി


ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികൾ വേഗത്തിലാക്കാൻ മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയിൽ രാവിലെ ആയിരുന്നു കൂടിക്കാഴ്ച.

അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്‍റെ നിവേദനവും, കേന്ദ്ര സംഘത്തിന്‍റെ പരിശോധന റിപ്പോർട്ടും പരിശോധിച്ച ശേഷമാകും കേന്ദ്രത്തിന്‍റെ തുടർ നടപടികൾ. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനവും പെട്ടന്നുണ്ടായേക്കില്ല.

അതേസമയം, കൂടികാഴ്ച സംബന്ധിച്ചും സിനിമാ മേഖലയിലെ വിവാദങ്ങൾ സംബന്ധിച്ചും മാധ്യമങ്ങൾ ആവർത്തിച്ച് സമീപിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. രണ്ട് ദിവസത്തിനകം നാല് തവണയാണ് ദില്ലിയിൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.