മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 2.42 കോടിയുടെ നടപ്പന്തൽ നിർമ്മാണ ശിലാസ്ഥാപനം 17ന്
ഇരിട്ടി: നവീകരണ പ്രവ്യത്തി നടന്നു വരുന്ന മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 2.42 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നടപ്പന്തൽ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം 17ന് നടക്കും. രാവിലെ 11.30ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ശിലാസ്ഥാപനം നിർവ്വഹിക്കും. മലബാർദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു എന്നിവർ മുഖ്യാതിഥിയായിരിക്കും. ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് നാലമ്പലത്തിനും സരസ്വതി മണ്ഡലത്തിനും ചുറ്റും 21500 സ്‌ക്വർ ഫീറ്റിൽ നടപ്പന്തൽ നിർമ്മിക്കുന്നത്. ആറുമാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. വിശേഷ ദിവസങ്ങളിലും കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്തും ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം വെയിലും മഴയും കൊണ്ട് വേണം ദർശനം സാധ്യമാകാൻ. ഭക്തജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് നടപ്പന്തൽ നിർമ്മിക്കുന്നതിന് ദേവസ്വം ഫണ്ടിൽ നിന്നും പണം അനുവദിച്ചത്.