മുംബൈ: മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 777 (വിടി-എഎൽഎക്‌സ്) വിമാനം മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. കാബിൻ ഡി-പ്രഷറൈസേഷനിൽ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചിറക്കിയത്. രാവിലെ 8.36നാണ് വിമാനം പുറപ്പെട്ടത്. ജയ്‌പൂരിന് സമീപമെത്തിയപ്പോഴാണ് വിമാനം തിരിച്ചിറക്കാൻ ജീവനക്കാർ തീരുമാനിച്ചത്. തുടർന്ന് 11.28ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ-ടേൺബാക്ക് ആയിരുന്നുവെന്നും എമർജൻസി ലാൻഡിംഗ് അല്ലെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിന് കാബിൻ പ്രഷറൈസേഷനിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു.
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന AI129 സാങ്കേതിക തകരാർ കാരണം മുംബൈയിലേക്ക് മടങ്ങി. മുൻകരുതൽ പരിശോധനകൾക്കായി വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കി. അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ബദൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും വേണമെങ്കിൽ, മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുകയോ അല്ലെങ്കിൽ ക്യാൻസലേഷനും കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും മുഴുവൻ റീഫണ്ടും നൽകാമെന്നും എയർ ഇന്ത്യ അറിയിച്ചു.
167 പേരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് മുംബൈയിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12.30ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പരിശോധനയ്ക്ക് വിധേയമാക്കിയതായും എയർലൈൻ അറിയിച്ചു.