കല്‍പ്പറ്റ: വയനാടിന്റെ ബത്തേരി, വൈത്തിരി താലൂക്കുകളില്‍ അനുഭവപ്പെട്ട അസാധാരണ ശബ്ദം ഭൂചലനമില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് നല്‍കുന്ന സൂചന. പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഭൂചലനമല്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ സ്ഥിരീകരിച്ചു. ആളുകള്‍ വലിയ രീതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സൂചന.
നിലവില്‍ ഭൂകമ്പസാധ്യതയില്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും പറഞ്ഞു. അതേസമയം ആവര്‍ത്തിച്ച് പ്രകമ്പനം ഉണ്ടായാല്‍ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഭയമുള്ളവര്‍ക്ക് താല്‍ക്കാലികമായി മാറാന്‍ അമ്പലവയലില്‍ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
പ്രകമ്പനം മാത്രമാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ജീയോളജിസ്റ്റുകള്‍ അടക്കമുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രകമ്പന ശബ്ദം കേട്ട സ്ഥലത്ത് നിന്നും ആള്‍ക്കാരെ ഒഴിപ്പിക്കുകയും ജാഗ്രത പാലിക്കണമെന്നും എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. രാവിലെ പത്തേകാലോടെ വയനാടിന്റെ പല ഭാഗത്തും വലിയൊരു പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഭൂമികുലുക്കം പോലെയായിരുന്നെന്നാണ് പലരും പറഞ്ഞത്.
നേരത്തേ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്നും അധികം ദൂരെയല്ലാതെയുള്ള സ്ഥലത്താണ് പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈത്തിരി, ബത്തേരി താലൂക്കുകളില്‍ പെടുന്ന അഞ്ചു പഞ്ചായത്തുകളിലെ പ്രദേശങ്ങളിലായിരുന്നു നാട്ടുകാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍, കുറിച്യര്‍മല, പിണങ്ങോട്, മേല്‍മുറി, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ എന്നീ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും മുക്കത്തും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയുടെ പടിഞ്ഞാറേ ഭാഗമാണ് കൂടരഞ്ഞി.