പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ ; ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ വർധിപ്പിച്ചു

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ ; ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക്‌ വർധിപ്പിച്ചു



മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫ് നാടുകളിൽ സ്കൂൾ തുറക്കുന്നത് മുന്നിൽക്കണ്ട് പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ. ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് മൂന്നുമുതൽ അഞ്ചിരട്ടിവരെ വർധിപ്പിച്ചു.

സെപ്തംബർ ഒന്നുമുതൽ കേരളത്തിലേക്കുള്ള യാത്രയ്ക്കും അധികനിരക്ക് നൽകേണ്ടിവരും. ഇത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെ ബാധിക്കും. സെപ്തംബർ ഒന്നിന് ഗൾഫ് നാടുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസും ഉൾപ്പെടെ ഗൾഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസിൽ 35,000മുതൽ 60,000 രൂപവരെയാണ് നിരക്ക് ഉയർത്തിയത്. നിലവിൽ 10,000മുതൽ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ് ക്ലാസിൽ ഒരുലക്ഷം രൂപവരെയാണ് നിരക്ക്.

ആഗസ്ത് 27മുതൽ സെപ്തംബർ അവസാനംവരെ നെടുമ്പാശേരിയിൽനിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാനിരക്ക് അമ്പതിനായിരത്തിനുമുകളിലാണ്. കരിപ്പൂരിൽനിന്നാണ് ഏറ്റവും കൂടുതൽ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2000മുതൽ 3000 രൂപയുടെവരെയാണ് അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.