പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ ഉയർന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. സംഭവവുമായി കൂടുതൽ നടത്തുകയാണ് ഉദ്ദേശം. നിർണായക വിവരങ്ങൾ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തും.
ലോഡ്ജിൽ കണ്ടത് ജെസ്ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും സിബിഐ പരിശോധിക്കുക. ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ലോഡ്ജിലെ ജീവനക്കാരി രംഗത്തെത്തിയത്. ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്‌നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായി ജീവനക്കാരി പറഞ്ഞു.
ജസ്‌നയുമായി സാമ്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം അജ്ഞാതനായ ഒരു യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേര്‍ത്തു. ഇവര്‍ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്. പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു.
രാവിലെ 11.30ഓടെയായിരുന്നു ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാന്‍ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി. പത്രത്തില്‍ ജസ്‌നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറയുന്നു.
അതേസമയം ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ലോഡ്ജ് ഉടമയും ജെസ്‌നയുടെ പിതാവും രംഗത്തെത്തിയിരുന്നു. തന്നോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ആരോപണങ്ങളെന്നാണ് ഉടമ പറഞ്ഞത്. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു. ക്രൈംബ്രാഞ്ചിന് മുന്നിലും താന്‍ ഇതേകാര്യമാണ് പറഞ്ഞത്. മുൻപ് ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് ജീവനക്കാരി തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു. പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഒരു വിവരാവകാശ പ്രവര്‍ത്തകനാണെന്നും താൻ കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഉടമ പറഞ്ഞു.അതേസമയം മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടത് തൻ്റെ മകളയെല്ലെന്നും സിസിടിവി ദൃശ്യം നേരത്തേ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് തൻ്റെ മകളല്ലെന്നും ജെയിംസ് ജോസഫ് പറഞ്ഞു. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ ഒരു മാസം മുമ്പ് തന്നെ വിളിച്ചിരുന്നു എന്നും ഇതേ കാര്യം തന്നെയാണ് അന്ന് പറഞ്ഞതെന്നും ജെയിംസ് പറഞ്ഞു. അന്നും സിസിടിവി ദൃശ്യം പരിശോധിച്ചിരുന്നു സിബിഐയ്ക്കും ഇതേ സിസിടിവി ദൃശ്യം കൈമാറിയിരുന്നു. സിസിടിവി ദൃശ്യത്തിലുളളത് തൻ്റെ മകളല്ലെന്ന് പൊലീസിനും സിബിഐയ്ക്കും വ്യക്തമായിരുന്നുവെന്നും ജെയിംസ് പറഞ്ഞു.