ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന ഉപ്പിൻ്റെയും പഞ്ചസാരയുടെയും പല ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക്‌സ് അടങ്ങിയതായി കണ്ടെത്തി. മനുഷ്യശരീരത്തിന് ദോഷം ഉണ്ടാക്കുന്ന ഒന്നാണ് മൈക്രോപ്ലാസ്റ്റിക്. ഇതുവഴി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
ചെറുതും വലുതുമായ എല്ലാ ബ്രാൻഡുകളുടെയും പഞ്ചസാരയിലും ഉപ്പിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക് ലിങ്ക് ആണ് പഠനം നടത്തിയത്. ടേബിൾ ഉപ്പ്, പാറ ഉപ്പ്, കടൽ ഉപ്പ്, പ്രാദേശിക അസംസ്കൃത ഉപ്പ് തുടങ്ങിയ 10 വ്യത്യസ്തമായ ഉപ്പും അഞ്ച് തരത്തിലുള്ള പഞ്ചാസരയുമാണ് പരിശോധിച്ചത്. കടകളിൽനിന്നും ഓൺലൈനിൽനിന്നുമായാണ് ഇവ വാങ്ങിയത്.
Loading...
നാരുകൾ, ഉരുളകൾ, പടലങ്ങൾ, ശകലങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. 0.1 എം.എം മുതൽ 5 എം.എം വരെയാണ് ഈ മൈക്രോപ്ലാസ്റ്റിക്കുകളുടെ വലിപ്പം. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. ഇവയിൽ വിവിധ നിറത്തിലുള്ള നേരിയ നാരുകളുടെയും പടലങ്ങളുടെയും രൂപത്തിലാണ് മൈക്രോപ്ലാസ്റ്റിക്കുള്ളത്.
മൈക്രോപ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ഡാറ്റാബേസിലേക്ക് വിവരങ്ങൾ നൽകുക എന്നതായിരുന്നു തങ്ങളുടെ പഠനലക്ഷ്യമെന്ന് ടോക്സിക് ലിങ്ക് സ്ഥാപകനും ഡയറക്ടറുമായ രവി അഗർവാൾ പറഞ്ഞു. ഇതുവഴി ആഗോള പ്ലാസ്റ്റിക് പ്രശ്നങ്ങൾക്ക് പരിഹരമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ ദീർഘകാല ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അടിയന്തിരവും സമഗ്രവുമായ പഠനം ആവശ്യമുണ്ടെന്ന് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ വ്യക്തമാക്കി.
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുമെന്നതിനാൽ മൈക്രോപ്ലാസ്റ്റിക് ആഗോള ആശങ്കയായി മാറിയിട്ടുണ്ട്. ഈ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. ശ്വാസകോശം, ഹൃദയം എന്നിവക്ക് പുറമെ മുലപ്പാലിലും ഗർഭസ്ഥ ശിശുക്കളിലും വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുള്ളതായി സമീപകാല ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു ശരാരശി ഇന്ത്യക്കാരൻ പ്രതിദിനം 10.98 ഗ്രാം ഉപ്പും പത്ത് സ്പൂൺ പഞ്ചസാരയും അകത്താക്കുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിനേക്കാൾ വളരെയധികമാണ്.