തിരുവനന്തപുരത്ത് നിന്ന് കാണാതായ തസ്മിത്ത് തംസം തമിഴ്നാട്ടിൽ? കേരള പൊലീസ് കന്യാകുമാരിയിലേക്ക്, പാറശ്ശാല വരെ കുട്ടി ട്രെയിനിൽ യാത്ര ചെയ്തു


തിരുവനന്തപുരത്ത്  നിന്ന് കാണാതായ തസ്മിത്ത് തംസം തമിഴ്നാട്ടിൽ? കേരള പൊലീസ് കന്യാകുമാരിയിലേക്ക്, പാറശ്ശാല വരെ കുട്ടി ട്രെയിനിൽ യാത്ര ചെയ്തു


തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു.  വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു.

ഇതിനുശേഷം പെണ്‍കുട്ടി കന്യാകുമാരിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പോകുന്നത്. തമിഴ്നാട് പൊലീസുമായും കേരള പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. കന്യാകുമാരി എസ്‍പിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഒരു വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പോകുന്നതെന്നും ഡിസിപി പറഞ്ഞു.  ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു. 

ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറി‌ഞ്ഞ‌ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെ കാണിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. പാറശ്ശാല വരെ ട്രെയിനിലുണ്ടായിരുന്നുവെന്നും അതിനുശേഷം ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിയോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളുമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന.