കെ. മുരളീധരനെ തോല്പിക്കാൻ, കോൺഗ്രസിനെ ഒറ്റിക്കൊടുത്തു: ആർ.എസ്.എസ് നേതാവുമായി തൃശൂരിലെ രണ്ട് കോൺഗ്രസ് നേതാക്കൾ രഹസ്യ കൂടിക്കാഴ്ച നടത്തി; ദൃശ്യങ്ങളും, ശബ്ദരേഖകളും നേതൃത്വത്തിന് ലഭിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദേശീയ നേതാക്കളുമായി അടുപ്പമുള്ള നേതാവടക്കം തൃശൂരിലെ രണ്ട് കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം. ‘തനിനിറം’ ആണ് ഗൗരവകരമായ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത്. കെ.മുരളീധരന്റെ തോൽവിയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് ആക്ഷേപം. കെ.മുരളീധരൻ ആരോപണമുന്നയിച്ചവർ ഇതിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ രണ്ട് തവണയായിട്ടാണ് ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് സൗകര്യമൊരുക്കി ഇടനിലക്കാരനായി പ്രവർത്തിച്ചത് തൃശൂരിൽ പൂങ്കുന്നത്തെ ആർ.എസ്.എസ് സഹയാത്രികനും ആർ.എസ്.എസ്, ബി.ജെ.പി ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചക്കും അവസരമൊരുക്കിയത്. കൊച്ചിയിൽ ഹോട്ടലിൽ ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ സി.സി.ടി.വി ദൃശ്യങ്ങളും ഇടനിലക്കാരനായി പ്രവർത്തിച്ച പൂങ്കുന്നത്തെ ആർ.എസ്.എസ് സഹയാത്രികനും തമ്മിലുള്ള മൊബൈൽ ശബ്ദ സംഭാഷണവും തെളിവായി കോൺഗ്രസ് നേതൃത്വത്തിന് തന്നെ ലഭിച്ചു. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ കമ്മീഷൻ തൃശൂരിലും പാലക്കാടുമെത്തി നേതാക്കളുടെ മൊഴിയെടുക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ പാർട്ടി നേതാക്കളുടെ പേര് പറഞ്ഞ് ആരോപണമുന്നയിച്ചിരുന്നു. തെളിവായി ചില ദൃശ്യങ്ങളും കമീഷന് കൈമാറിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട നിർണായക തെളിവും അന്വേഷണ കമ്മീഷന് ലഭിച്ചുവെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്. കെ.മുരളീധരനും ഈ ദൃശ്യങ്ങളും ശബ്ദരേഖയും ലഭിച്ചിരുന്നുവത്രെ. ഇതാണ് തന്നെ ‘ബലിയാടാക്കി’യെന്ന കടുത്ത പ്രയോഗം മുരളീധരൻ നടത്താനിടയായതെന്നാണ് പറയുന്നത്. തനിക്ക് വിശ്വാസമുള്ള ദേശീയ നേതൃത്വത്തിലെ ചിലരെയും ഇത് കാണിച്ചുവെന്നാണ് വിവരം. തോൽവിയിൽ ആരോപിതർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കടുത്ത നീക്കവും മുരളീധരൻ ആലോചിക്കുന്നതായാണ് സൂചന. തെളിവെടുപ്പ് പൂർത്തിയാക്കി അന്തിമ റിപ്പോർട്ടിനായി ഒരുങ്ങുകയാണ് കമ്മീഷൻ. പാർട്ടിയെ തന്നെ ബാധിക്കുന്ന തെളിവുകൾ ലഭ്യമായ സാഹചര്യത്തിൽ റിപ്പോർട്ട് എങ്ങനെ തയ്യാറാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അംഗങ്ങൾ. നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ചർച്ചക്കും ശേഷം ഗുരുതരമാകാത്തതും എന്നാൽ ഗൗരവം ചോരാത്ത വിധത്തിലുമാക്കി അന്തിമമാക്കാനാണ് ശ്രമം. ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ പണം വാങ്ങി വോട്ട് മറിച്ചുവെന്ന ആക്ഷേപമുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് വിവരം. തൃശൂരിൽ 74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 337652 വോട്ടുകൾ വി.എസ് സുനിൽ കുമാർ നേടിയപ്പോൾ 2019ൽ 93633 വോട്ട് നേടി വിജയിച്ച സിറ്റിംഗ് സീറ്റിൽ സർപ്രൈസ് സ്ഥാനാർഥിയായി മത്സരിച്ച കെ. മുരളീധരന് 328124 വോട്ടുകൾ മാത്രമാണ് നേടാനായത്. 2019ൽ പ്രതാപൻ 4,15,089 വോട്ടും രാജാജി 3,21,456 വോട്ടും നേടി. കടുത്ത മത്സരം കാഴ്ചവെച്ച് അന്ന് സുരേഷ് ഗോപി പിടിച്ചത് 2,93,822 വോട്ട് ആണ്. പ്രതാപൻ മത്സരിച്ചപ്പോൾ ലഭിച്ച വോട്ടിന്റെ അരികിൽ പോലും എത്താനാവാതിരുന്ന ദയനീയ തോൽവിയാണ് ഇത്തവണ സംഭവിച്ചത്. സി.പി.എം-ബി.ജെ.പി അന്തർധാരയെന്ന് കോൺഗ്രസ് ആരോപിച്ചുവെങ്കിലും 2019ൽ ഇടത് സ്ഥാനാർഥി നേടിയതിനേക്കാൾ 15,000 വോട്ട് അധികം ഇത്തവണ എൽ.ഡി.എഫ് നേടി. അതെ സമയം 86000ത്തിൽ അധികം വോട്ട് ചോർന്നത് യു.ഡി.എഫിൽ നിന്നായിരുന്നു. പുതിയതായി ചേർത്ത വോട്ടുകൾ കൂട്ടാതെയാണ് ഇത്. പുതിയ തെളിവുകൾ നിർണായകമാകുന്നതാണ്.