നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ മുസ്ലീം ലീഗ് പിന്തുണ; സിപിഎം ഭരണം നിലനിര്‍ത്തി ; കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ മുസ്ലീം ലീഗ് പിന്തുണ; സിപിഎം ഭരണം നിലനിര്‍ത്തി ; കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി


തൊടുപുഴ: നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ മുസ്ലീം ലീഗ് പിന്തുണയോടെ തൊടുപുഴ നഗരസഭയുടെ ഭരണം സി.പി.എം. നിലനിര്‍ത്തി. നഗരസഭാ ധ്യക്ഷയായി സി.പി.എം. സ്വതന്ത്രയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ സബീന ബിഞ്ചു തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷപദവിയേച്ചൊല്ലി യു.ഡി.എഫിലെ തര്‍ക്കത്തേത്തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും വെവ്വേറേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണു കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും എല്‍.ഡി.എഫ്. അധികാരത്തില്‍ തിരിച്ചെത്തിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ നഗരസഭാകാര്യാലയത്തിനു പുറത്ത് കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ഇടപെട്ടാണു സംഘര്‍ഷം അവസാനിപ്പിച്ചത്. ഇടുക്കി ജില്ലയില്‍ യു.ഡി.എഫുമായുള്ള സഹകരണം അവസാനിപ്പിച്ചതായി ലീഗ് ജില്ലാനേതൃത്വം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നഗരസഭാധ്യക്ഷനായിരുന്ന സനീഷ് ജോര്‍ജ് കൈക്കൂലി വിവാദത്തേത്തുടര്‍ന്ന് രാജിവച്ചതോടെയാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയിലെത്തിയ 11-ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗണ്‍സിലില്‍ 34 അംഗങ്ങളാണുള്ളത്. യു.ഡി.എഫ്-13, എല്‍.ഡി.എഫ്-12, ബി.ജെ.പി-എട്ട്, സ്വതന്ത്രന്‍ (സനീഷ് ജോര്‍ജ്) എന്നിങ്ങനെയാണു കക്ഷിനില. യു.ഡി.എഫില്‍ കോണ്‍ഗ്രസിനും ലീഗിനും ആറംഗങ്ങള്‍ വീതവും കേരളാ കോണ്‍ഗ്രസിന് ഒരംഗവുമാണുള്ളത്.

വോട്ടെടുപ്പിനു ഹാജരായ 32 കൗണ്‍സിലര്‍മാരില്‍ ലീഗിന്റെ അഞ്ചുള്‍പ്പെടെ 14 വോട്ട് സബീന ബിഞ്ചുവിനു ലഭിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥികോണ്‍ഗ്രസിലെ കെ. ദീപക്കിനു 10 വോട്ടാണു ലഭിച്ചത്. എട്ടംഗങ്ങളുള്ള ബി.ജെ.പി. അവസാന റൗണ്ടില്‍ വിട്ടുനിന്നു. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിച്ചതിനാല്‍ താന്‍ വിട്ടുനില്‍ക്കുകയായിരുന്നെന്നു കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസഫ് ജോണ്‍ വ്യക്തമാക്കി.

എല്‍.ഡി.എഫില്‍നിന്ന് ആര്‍. ഹരി (സി.പി.എം), ജോസ് മഠത്തില്‍ (സി.പി.ഐ) എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രോഗബാധിതനായതിനാലാണു ഹരി പങ്കെടുക്കാതിരുന്നതെന്നു സി.പി.എം. വ്യക്തമാക്കി. ജോസ് വിട്ടുനിന്നതിന്റെ കാരണമറിയില്ലെന്നാണ് സി.പി.ഐ. നിലപാട്. വരണാധികാരിയായ ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍ക്കു മുമ്പാകെ സബീന ബിഞ്ചു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.