ഇരിട്ടി: വയനാട് ദുരന്തത്തിൽ ഇരകളായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്ദാനം ചെയ്തുള്ള പോസ്റ്റിൽ അശ്ലീല കമന്‍റിട്ടയാൾക്ക് മർദ്ദനം. കാക്കയങ്ങാട്അ ടുത്ത് എഠത്തൊട്ടിയിലാണ് സംഭവം. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ.. എന്‍റെ ഭാര്യ റെഡിയാണ്’- എന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇത് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഈ പോസ്റ്റിനടിയിലാണ് എടത്തൊട്ടി സ്വദേശിയായ കെ ടി ജോർജ് എന്നയാൾ അശ്ലീല കമന്‍റിട്ടത്. ഇന്നലെ വൈകിട്ടോടെ ഇയാൾ കണ്ണൂരിൽനിന്ന് എടത്തൊട്ടിയിൽ എത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകൾ വളഞ്ഞുവെച്ച് മർദ്ദിച്ചത്. പിന്നീട് മർദനമേറ്റ ജോർജിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ദുരന്തബാധിത മേഖലയിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഭാര്യ റെഡിയാണെന്ന് പോസ്റ്റിട്ടത് ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയായിരുന്നു. ഇതിന് പിന്നാലെ ഭാര്യയും രണ്ട് മക്കളുമായി സജിൻ പാറേക്കര വയനാട്ടിലേക്ക് പോയി. ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചത്. അതിനിടെയാണ് അശ്ലീല കമന്‍റിട്ടത് ചർച്ചയായത്.