നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരും

നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരും





കണ്ണൂർ : നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ്‌ 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.

കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയിൽ ചുരത്തിൽ നാലാമത്തെ ഹെയർപിൻ വളവിന് സമീപം റോഡ് ഇടിഞ്ഞ് വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതോടെയാണ്‌ ഗതാഗതം നിരോധിച്ചത്.

40 മീറ്ററിലധികം നീളത്തിൽ മൂന്നടിയോളം റോഡ് താഴ്ന്നു. റോഡിന്റെ സംരക്ഷണ ഭിത്തി അടക്കമായിരുന്നു താഴ്ന്നത്. റോഡിന്‌ കുറുകെയും വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്.

തിരുവനന്തപുരത്ത് നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എൻജിനീയർ (റോഡ് ഡിവിഷൻ) എം ജഗദീഷ് അറിയിച്ചു.

റോഡ് പ്രവൃത്തി നടത്തിയ ശേഷം നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. ജില്ലയിൽ നിന്ന്‌ വയനാട്ടിലേക്ക് പോകാൻ കൊട്ടിയൂർ പാൽച്ചുരം റൂട്ടാണ്‌ ആശ്രയം.