ഗുവാഹത്തി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഒരു മാസത്തിനിടെ 67,430 പുതിയ യൂസര്‍മാരെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് ടെലികോം സര്‍ക്കിളുകളിലും ബിഎസ്എന്‍എല്ലിലേക്ക് പുതിയ ഉപഭോക്താക്കള്‍ ധാരാളം എത്തുന്നുണ്ട്.
സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യ 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശ് സര്‍ക്കിളില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത് എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്ത് 4ജി നെറ്റ്‌വര്‍ക്ക് വിന്യാസം പൂര്‍ത്തിയാകും മുമ്പാണ് ബിഎസ്എന്‍എല്ലിന് ഇത്രയേറെ ഉപഭോക്താക്കളെ പുതുതായി ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നതിന് പുറമെ നിരവധിയാളുകള്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നുമുണ്ട്. കൂടുതല്‍ പേരും അവരുടെ രണ്ടാം സിം ആണ് ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്യുന്നത് എന്നാണ് അനുമാനം. 4ജി ടവറുകളുടെ സ്ഥാപനം പൂര്‍ത്തിയാകുന്നതോടെ ബിഎസ്എല്ലിലേക്ക് ആളുകളുടെ ഒഴുക്ക് കൂടും എന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ വേഗതയാര്‍ന്ന മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കി യൂസര്‍മാരെ റാഞ്ചിയത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഎസ്എന്‍എല്ലിന് വലിയ തിരിച്ചടിയായിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ ബിഎസ്എന്‍എല്‍ 4ജിക്ക് കഴിയും എന്നാണ് പ്രതീക്ഷ.