തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുണ്ടെങ്കില്‍ അവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കും. കേരളത്തില്‍ ഓഖിയിലും പ്രളയത്തിലും കാണാതായവരുടെ ആശ്രിതര്‍ക്കു മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ റജിസ്ട്രാര്‍മാര്‍ക്ക് ചീഫ് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതേ രീതി വയനാട്ടിലും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒരാളെ കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നാണു ചട്ടം. അത് സ്വാഭാവിക സാഹചര്യത്തിലാണ്. എന്നാല്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ജീവന്‍ നഷ്ടമായവര്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. ചാലിയാറില്‍ നിന്നും കിട്ടിയ ശരീരഭാഗങ്ങള്‍ നല്‍കുന്ന സൂചന ഇതാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. 200ല്‍ അധികം പേരെ ഇനിയും മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി കാണാനുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അത് തീര്‍ന്ന ശേഷമാകും പിന്നീടും കാണാനില്ലാത്തവരെ മരിച്ചവരായി പ്രഖ്യാപിക്കുക.
മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ മാത്രമാണ് അവകാശികള്‍ക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കുമ്പോള്‍ അവ കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകളും അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. പ്രകൃതിദുരന്തങ്ങളില്‍ കാണാതാകുന്നവരെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂര്‍ത്തീകരിച്ച് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാം. കാണാതായതു സംബന്ധിച്ച് അടുത്ത ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസ്, നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം, തഹസില്‍ദാരുടെയോ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെയോ ഉത്തരവ്, പത്രങ്ങളിലും ഗസറ്റിലും വിജ്ഞാപനം, ആക്ഷേപം അനുവദിക്കാന്‍ 30 ദിവസം സമയം തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കണം.
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയാണു നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയത്. ഇവരുടെ സ്വര്‍ണപ്പണയം ഒഴികെയുള്ള വായ്പകളെല്ലാം എഴുതിത്തള്ളി. വയനാട്ടില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമേ കിടപ്പാടം വരെ ഇല്ലാതായതിനാല്‍ കൂടുതല്‍ വിപുലമായി പാക്കേജ് തന്നെ പ്രഖ്യാപിക്കേണ്ടി വരും. ശതകോടികള്‍ തന്നെ ഇതിന് വേണ്ടി വരും. കേന്ദ്ര പാക്കേജിനായും സമ്മര്‍ദ്ദം ചെലുത്തും. സാധാരണ ഇത്തരം ദുരന്തമുണ്ടാകുമ്പോള്‍ കേന്ദ്രം ആശ്വാസ സഹായം പ്രഖ്യാപിക്കാറുണ്ട്. വയനാട്ടില്‍ മരിച്ചവരുടെ ആശ്രിതകര്‍ക്ക് രണ്ടു ലക്ഷം പ്രഖ്യാപിച്ചു. അതിന് അപ്പുറം ഒന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മുണ്ടക്കൈയില്‍നിന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയത് അഞ്ചു മൃതദേഹങ്ങളാണ്. ഏഴു മൃതദേഹങ്ങള്‍കൂടി ഉള്‍വനത്തിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ കിട്ടിയത് 59 മൃതദേഹങ്ങളാണ്. ഇവയില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തിരിച്ചറിഞ്ഞത് മൂന്നുപേരെ മാത്രം. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നുള്ള അവസാനകണക്കുകളനുസരിച്ച് 59 മൃതദേഹങ്ങളും 113 ശരീരഭാഗങ്ങളുമാണ് മൂന്നുദിവസത്തിനുള്ളില്‍ പുഴയില്‍നിന്നു ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി 143 എണ്ണം വയനാട്ടിലേക്കു കൊണ്ടുപോയി.
പോത്തുകല്ല് പഞ്ചായത്തില്‍ ചാലിയാറിനക്കരെ ഉള്‍വനത്തില്‍ കുമ്പളപ്പാറയ്ക്ക് മുകളില്‍ മലവാരത്തില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുണ്ടേരി വനമേഖലയില്‍ ചാലിയാറിനു സമാന്തരമായി മലയിലേക്കുപോയ സന്നദ്ധപ്രവര്‍ത്തകരാണ് ഇവ കണ്ടെത്തിയത്. ഉരുള്‍പൊട്ടിയ ചൂരല്‍മലയ്ക്കും മലപ്പുറം ജില്ലാ അതിര്‍ത്തിയായ കുമ്പളപ്പാറയിലെ വനപ്രദേശത്തിനും ഇടയിലാണ് മൃതദേഹങ്ങളുള്ളത്. വനത്തിനുള്ളിലേക്കും കൈവഴികള്‍, തോടുകള്‍ എന്നിവ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്താന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.