കച്ചേരിക്കടവിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു
ഇരിട്ടി: കർണാടകത്തിന്റെ അധീനതയിലുള്ള ബ്രഹ്മഗിരിയി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനമേഖലയിൽ നിന്നും ബാരാപ്പോൾ പുഴകടന്ന് എത്തിയ കാട്ടാനകൾ കച്ചേരിക്കടവിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയായ കച്ചേരിക്കടവ് ടൗൺ പരിസരം വരെ എത്തിയ കാട്ടാനകൾ വ്യാപക കൃഷി നാശമാണ് വരുത്തിയത്. വളവുപാറ - കച്ചേരിക്കടവ് - പാലത്തിൻകടവ് റീബിൽഡ് കേരള റോഡിൽ തമ്പടിച്ച കാട്ടാനകൾ ഇതുവഴി കടന്നുപോയ വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെനേരം ഭീഷണി തീർത്തു.
നരിമറ്റത്തിൽ സണ്ണി ഫ്രാൻസിസിന്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ 3 മണിയോടെയാണ് 2 കാട്ടാനകൾ എത്തിയത്. ഇദ്ദേഹത്തിന്റെ അൻപതോളം വാഴകളും എഴുപത്തി അഞ്ചോളം ചുവട് മരച്ചീനിയും ഇരുപത്തി അഞ്ചിലേറെ ചേനയും രണ്ട് മാവും നശിപ്പിച്ചു. 3 വർഷം മുൻപും സണ്ണി ഫ്രാൻസിസിൻ്റെ കൃഷിയിടത്തിൽ എത്തിയ കാട്ടാനകൾ മരച്ചീനിയും വാഴയും അടക്കമുള്ള കാർഷിക വിളകൾ പാടേ നശിപ്പിച്ചിരുന്നു.
ഇരു സംസ്ഥാനങ്ങൾക്കും അതിരു തീർത്ത് ഒഴുകുന്ന ബാരാപോൾ പുഴ മുറിച്ചു കടന്നാണ് കാട്ടാനനകൾ അയ്യൻകുന്നിലെ ജനവാസ മേഖലകളിൽ എത്തുന്നത്. മാസങ്ങളായി സ്ഥിരമായി കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ് പ്രദേശങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തേ ഡിഎഫ്‌ഒ ഉൾപ്പെടെയുള്ള സംഘം എത്തി നാട്ടുകാരോടു ചർച്ച നടത്തി അതിർത്തിയിൽ സോളർ തൂക്കുവേലി നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതിന്റെ പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.
സോളാർ തൂക്ക് വേലിയുടെ പ്രവർത്തി ഇനിയും വൈകിയാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അറിയിച്ചു. സ്‌ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, സെലീന ബിനോയി എന്നിവരും ഒപ്പമുണ്ടായിരുന്നു. വനം ഇരിട്ടി സെക്ഷൻ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ പി.കൃഷ്ണശ്രീ, എം. അമൽ, വാച്ചർ അഭിജിത്ത് എന്നിവരും സ്ഥലം സന്ദർശിച്ചു. ആറളം ഫാമിൽ നിന്നും തുരത്തി വനത്തിലേക്ക് വിട്ട കാട്ടാനകളാണ് മേഖലയിലെ അതിർത്തി ഗ്രാമങ്ങളിലെത്തി വ്യാപകമായി നാശം വിതക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം ഉണ്ടാവാറുണ്ടെങ്കിലും അടുത്ത കാലത്തായി ഇത് ഏറെ വർദ്ധിച്ചിരിക്കയാണ്. അയ്യൻകുന്നിലെ കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ് ഗ്രാമങ്ങളെ കാട്ടാന ഭീഷണിയിൽ നിന്നു സംരക്ഷിക്കാൻ ലക്ഷ്യമിട്ട 1.127 കോടി രൂപയുടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിലായിക്കിടക്കുകയാണ്. പാലത്തുംകടവ് കരി മുതൽ പൊട്ടിച്ചപ്പാറ വരെയുള്ള കേടായിക്കിടക്കുന്ന 5 കിലോമീറ്റർ സോളർ വേലി അറ്റകുറ്റപ്പണി നടത്തുന്നതിന് 70000 രൂപയുടെ പ്രവൃത്തിക്ക് അനുമതി നൽകിയെങ്കിലും അതും നടന്നിട്ടില്ല. ടെണ്ടർ വിളിച്ചിട്ടും ആരും കരാർ എടുക്കാത്ത അവസ്ഥയിൽ മുടങ്ങിക്കിടക്കുകയാണ് മേഖലയിലെ സോളാർ പ്രതിരോധവേലി പദ്ധതികൾ. കച്ചേരിക്കടവ് പാലം മുതൽ ബാരാപോൾ വരെ 6.5 കിലോമീറ്ററിൽ 52 ലക്ഷം രൂപയുടെയും കരി - പാറയ്ക്കാമല 4 കിലോമീറ്റർ ദൂരം 48 ലക്ഷം രൂപയുടെയും പുല്ലൻപാറത്തട്ട് - കരി 1.5 കിലോമീറ്റർ ദൂരം 12 ലക്ഷം രൂപയും ചെലവിൽ നിർമ്മിക്കാനുള്ള സോളർ തൂക്കുവേലി പദ്ധതികളാണ് 3 തവണ ടെൻഡർ വിളിച്ചിട്ടും ആരും കരാർ എടുക്കാനില്ലാത്ത അവസ്ഥയിൽ മുടങ്ങിക്കിടക്കുന്നത്.